മലപ്പുറം: വേനലിന്റെ വരവറിയിച്ച് ചൂട് ക്രമാതീതമായി കൂടിയതോടെ തീപിടിത്തങ്ങൾ കെടുത്താനുളള നെട്ടോട്ടത്തിലാണ് ജില്ലയിലെ ഫയര്സ്റ്റേഷൻ ജീവനക്കാർ. ദിവസം ശരാശരി നാല് കേസുകളെങ്കിലും ഒരു ഫയർ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടിക്കാടുകൾ കത്തിക്കാനുളള സ്ഥലമുടമകളുടെ ശ്രമമാണ് മിക്കപ്പോഴും ദുരന്തങ്ങൾ വിളിച്ചുവരുത്തുന്നത്. മതിയായ സംവിധാനങ്ങളില്ലാതെ കത്തിക്കുന്നതിനിടെ റബ്ബർ, കവുങ്ങ്, തെങ്ങ് തോട്ടങ്ങളിലേക്ക് വ്യാപിക്കുന്ന സംഭവങ്ങളാണ് മിക്കതും. തോട്ടത്തിന്റെ അതിരിനോട് ചേർന്ന് മൂന്ന് മീറ്റർ വീതിയിൽ മണ്ണ് കാണുന്ന വിധത്തിൽ കാട് വെട്ടിത്തെളിച്ച് ഫയർബെൽറ്റ് സ്ഥാപിക്കണമെന്ന നിർദ്ദേശം മിക്കവരും മുഖവിലയ്ക്കെടുക്കാറില്ല. മറ്റ് തോട്ടത്തിൽ തീപിടിച്ചാലും ഇങ്ങോട്ട് വരുന്നതോടെ ഫയർബെൽറ്റിൽ വച്ച് തീ ഇല്ലാതാവുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇടമഴ കനിഞ്ഞില്ലെങ്കിൽ തീപിടിത്തങ്ങൾ വർദ്ധിക്കുമെന്ന ആശങ്കയിലാണ് അഗ്നിശമന സേന. വേനൽ കടുക്കുന്നതോടെ തീപിടിത്തങ്ങളുടെ എണ്ണം സ്ഥിരമായി വർദ്ധിക്കാറുണ്ട്. ഈ സമയങ്ങളിൽ തീകെടുത്താനുള്ള വെള്ളത്തിന്റെ കുറവും നേരിടാറുണ്ട്. പലപ്പോഴും പുഴകളിലെ കുടിവെള്ള പദ്ധതികളിൽ നിന്ന് വെള്ളമെടുക്കേണ്ട അവസ്ഥയാണ്
ഫയർ സ്റ്റേഷനുകളുടെ കുറവ് വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയാവുന്നുണ്ട്. നിലവിൽ പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, മലപ്പുറം എന്നിവിടങ്ങളിൽ പ്രധാന ഫയര്സ്റ്റേഷനുകളും മഞ്ചേരിയിലും തിരുവാലിയിലും മിനിഫയർ സ്റ്റേഷനുകളുമാണുള്ളത്. കോട്ടയ്ക്കൽ, വളാഞ്ചേരി, വേങ്ങര എന്നിവിടങ്ങളിൽ കൂടി ഫയര്സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യം യാഥാർത്ഥ്യമായിട്ടില്ല. കോട്ടയ്ക്കൽ, വേങ്ങര ഭാഗങ്ങളിൽ തീപിടിത്തമുണ്ടായാൽ മലപ്പുറത്ത് നിന്ന് ഫയർഫോഴ്സെത്തേണ്ട സ്ഥിതിയാണ്. വട്ടപ്പാറയിൽ പുതിയ ഫയർസ്റ്റേഷനുള്ള നടപടികൾ വേഗത്തിലാക്കിയതാണ് ഏക ആശ്വാസം. ഹൈവേയ്ക്ക് സമീപം ദുരന്തമുണ്ടായാൽ വേഗത്തിൽ രക്ഷാപ്രവർത്തനം സാദ്ധ്യമാവുമെന്നതാണ് വട്ടപ്പാറ സ്റ്റേഷന്റെ പ്രാധാന്യം. നിലവിൽ പൊന്നാനി, മലപ്പുറം ഫയർസ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് മീഞ്ചന്ത കഴിഞ്ഞാൽ ഹൈവേയിൽ കുന്നംകുളത്താണ് ഫയർ സ്റ്റേഷനുളളത്.
സ്റ്റേഷനുകൾക്ക് ഭൂമിയില്ല
വേങ്ങര, കോട്ടയ്ക്കൽ ഫയര്സ്റ്റേഷനുകൾക്ക് മൂന്ന് വർഷം മുമ്പ് ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥലം കണ്ടെത്താനാവാത്തതാണ് പ്രശ്നം.
സ്വകാര്യ വ്യക്തിയിൽ നിന്ന് സ്ഥലം വാങ്ങിക്കാൻ തുക അനുവദിക്കില്ല.
റവന്യൂ ഭൂമിയോ മറ്റ് വകുപ്പുകളുടെ ഒഴിഞ്ഞ് കിടക്കുന്ന ഭൂമിയോ
ഉപ യോഗപ്പെടുത്താമെങ്കിലും ഇതിന് അതത് വകുപ്പുകളും തയ്യാറല്ല.
തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിച്ചിട്ടുണ്ട്. ചൂട് കൂടുന്തോറും തീപിടിത്ത സാദ്ധ്യത വർദ്ധിക്കും. ഇടമഴ ലഭിച്ചാൽ തീപിടിത്തം കുറയും. വേങ്ങര ഫയർസ്റ്റേഷന് സ്ഥലം ലഭിക്കാത്തതാണ് തടസ്സം.
മൂസ വടക്കേതിൽ, ജില്ലാ ഫയർ ഓഫീസർ