മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം. കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി എത്തിയ ജനമഹായാത്രയുടെ ക്യാപ്ടൻ മുല്ലപ്പള്ളി രാമചന്ദ്രനെ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ സ്വീകരിച്ചു. മലപ്പുറം ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി നേതാവ് കെ.പി. അനിൽകുമാറും ഡി.സി.സി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
കൊണ്ടോട്ടിയിലെ സമ്മേളനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ സി.പി.എമ്മിനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ നാടകം കളിക്കുകയാണ്. ബി.ജെ.പിയുടെ തെറ്റായ ചെയ്തികളെ പാർലമെന്റിൽ വിമർശിക്കാനോ ചോദ്യം ചെയ്യാനോ സി.പി.എം തയ്യാറാകുന്നില്ല. ജനദ്രോഹ ഭരണത്തിന്റെ പര്യായങ്ങളാണ് മോദിയും പിണറായി വിജയനും. കേരളത്തിൽ മുഴുവൻ ലോക്സഭ സീറ്റുകളും നേടിയ ചരിത്രം യു.ഡി.എഫിന് മാത്രം അവകാശപ്പെട്ടതാണ്. ഇത്തവണ വീണ്ടും ആ ചരിത്രം കേരളത്തിൽ ആവർത്തിക്കും. മോദി ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ്. റഫാൽ യുദ്ധവിമാന അഴിമതിയിൽ പ്രധാനമന്ത്രിയുടെ പങ്ക് തെളിവുസഹിതം പുറത്തുവന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ല. -അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, പി.വി. അബ്ദുൾ വഹാബ് എം.പി, എം.എൽ.എമാരായ എ.പി.അനിൽകുമാർ, പി. അബ്ദുൾ ഹമീദ് ,ടി.വി ഇബ്രാഹിം, എം.ഉമ്മർ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ജാഥാസ്ഥിരാംഗങ്ങളായ ഡോ.ശൂരനാട് രാജശേഖരൻ, സി.ആർ.ജയപ്രകാശ്, ട്രഷറർ ജോൺസൺ എബ്രഹാം, കെ.പി.അനിൽകുമാർ, കെ.പി.കുഞ്ഞിക്കണ്ണൻ, കെ.സി അബു, അബ്ദുൾ മുത്തലിബ്, ഐ.കെ.രാജു, ആർ.വത്സലൻ, പി.എ. സലീം, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ്, പഴകുളം മധു, എം.എം.നസീർ, ആര്യാടൻ ഷൗക്കത്ത്, വി.എസ്.ജോയ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്നും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനമഹായാത്ര പര്യടനം നടത്തും.