തവനൂർ: രാജ്യത്തിനായി സ്വന്തം ജീവൻ പോലും ബലിയർപ്പിച്ച മഹാത്മാഗാന്ധിയെ പോലുള്ളവരെ ചരിത്രത്താളുകളിൽ നിന്ന് ബോധപൂർവ്വം മായ്ച്ചുകളയുകയാണ് ചിലരെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. സംസ്ഥാന സാംസ്കാരിക വകുപ്പും സർവ്വോദയ മണ്ഡലവും സംയുക്തമായി തവനൂർ പാപ്പിനിക്കാവ് മൈതാനത്ത് സംഘടിപ്പിച്ച 'രക്തസാക്ഷ്യം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എന്ത് തെറ്റ് ചെയ്തതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അതിന് നേതൃത്വം കൊടുത്തവർ സമൂഹത്തോട് വ്യക്തമാക്കണം. ഗാന്ധിയുടെ പ്രതിമകൾ ഉൾപ്പെടെയുള്ള പ്രതീകങ്ങളെല്ലാം എന്തുകൊണ്ടാണ് തകർക്കപ്പെടുന്നതെന്ന് സമൂഹം ചിന്തിക്കണം. ഗാന്ധിയെ
തമസ്കരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയാമോ അതെല്ലാം ഗാന്ധിജിയുടെ ഘാതകർ ചെയ്യുന്നുണ്ട്. ചരിത്ര പുരുഷനായ ജവഹർലാൽ നെഹ്രു ചിത്രത്തിലെവിടെയുമില്ലെന്നും മന്ത്രി പറഞ്ഞു. അതിനാൽ ഇവരുടെയെല്ലാം സ്മരണകൾക്ക് കൂടുതൽ പ്രാധാന്യമുള്ള സമയമാണിതെന്നും അതിനാലാണ് സംസ്ഥാന
സർക്കാർ മഹാത്മാ ഗാന്ധിയെ പോലുള്ള മഹാത്മാക്കളെ സ്മരിച്ച് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയവരുടെ പേരിൽ ജില്ലകൾ തോറും സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കാൻ സാംസ്കാരിക വകുപ്പ് നടപടികൾ തുടങ്ങിക്കഴിഞ്ഞതായും ഇതിനായി 50 കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി ഡോ: കെ.ടി. ജലീൽ അദ്ധ്യക്ഷനായി.
തവനൂർ അയങ്കലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഗാന്ധി സ്മൃതിയാത്ര പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി ഫ്ളാഗ് ഓഫ് ചെയ്ത ശേഷം മന്ത്രി ഡോ. കെ.ടി ജലീൽ ഗാന്ധി ജ്യോതി ഏറ്റുവാങ്ങി വേദിയിലേക്ക് പകർന്നു. പി. എസ്.സിചെയർമാൻ അഡ്വ. എം.കെ. സക്കീർ മുഖ്യാതിഥിയായിരുന്നു. മുൻ എം.പി സി. ഹരിദാസ്, സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി ഡോ.പ്രഭാകരൻ പഴശ്ശി, കൺവീനർ ടി.വി. ശിവദാസ്, പഞ്ചായത്ത്
പ്രസിഡന്റുമാരായ പി.പി. അബ്ദുൾനാസർ, ഡോ: ജോസ് മാത്യു, അഡ്വ: എം.ബി. ഫൈസൽ, മുളക്കൽ മുഹമ്മദാലി, സി.പി. നസീറ, കെ.വി വേലായുധൻ, പി. ജ്യോതി, കെ.യു. ഉണ്ണികൃഷ്ണൻ, വി.ആർ. മോഹനൻ നായർ, കോയക്കുട്ടി, രാംദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട് നായനാർ ബാലികാസദനത്തിൽ നിന്നും സർവോദയ മണ്ഡലം പ്രസിഡന്റ് ഡോക്ടർ ജോസ് മാത്യു നയിക്കുന്ന ഗാന്ധിജ്യോതി യാത്രയും സംഘടിപ്പിച്ചു. പ്രദർശന മേള പഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.
40 ഓളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഇന്ന് ഗാന്ധി വധത്തിനു ശേഷമുള്ള ഇന്ത്യ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന്
കേരളീയ നവോത്ഥാനം ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിന വേളയിൽ എന്ന വിഷയത്തിലുള്ള സെമിനാർ കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും.