പൊന്നാനി: കെ.എസ്.ഇ.ബിയുടെ പൊന്നാനി സബ് സ്റ്റേഷനിൽ നിന്ന് ഇനി വൈദ്യുതി വിതരണം മാത്രമല്ല വൈദ്യുതി ഉത്പാദനവും നടക്കും. വിശാലമായ സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദനം.
പ്രതിദിനം 2500 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന സോളാർ പാനലുകളാണ് സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഒരുക്കിയിരിക്കുന്നത്. 3.4 കോടി രൂപ ചെലവിൽ കെൽട്രോണാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
500 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. സോളാർ പാനൽ വഴിയുള്ള വൈദ്യുതി കെ.എസ്.ഇ.ബിയുടെ വൈദ്യുതിയുമായി ചേരും. നിലവിൽ സബ്സ്റ്റേഷനിൽ നിന്ന് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ അനുപാതം പ്രകാരം 500 വീടുകൾക്കുള്ള വൈദ്യുതി സോളാർ പാനലിൽ നിന്ന് ലഭിക്കും. പ്രതിദിനം 18000 രൂപയുടെ വൈദ്യുതി ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്.
സബ്സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ വൈദ്യുതിയും സോളാറിൽ നിന്നുപയോഗിക്കും.1680 പാനലുകളാണ് സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ തുടങ്ങിയത്.
ഒരു വർഷത്തേക്ക് നടത്തിപ്പ് ചുമതല കെൽട്രോണിനായിരിക്കും. പിന്നീട് കെ.എസ്.ഇ.ബിക്ക് കൈമാറും. അത്യാധുനിക ഉപകരണങ്ങളാണ് സൗരോർജ്ജ വിതരണത്തിനായി ഘടിപ്പിച്ചിരിക്കുന്നത്.
വലിയ നേട്ടം
സബ് സ്റ്റേഷൻ കോമ്പൗണ്ടിനകത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനയിൽ നിന്നാണ് സോളാർ പ്ലാന്റ് പദ്ധതി ഉരിത്തിരിഞ്ഞത്.
അതിവേഗം പദ്ധതി യാഥാർത്ഥ്യമാക്കാനായത് നേട്ടമായാണ് കണക്കാക്കുന്നത്.
സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഈ മാസം തന്നെ വിതരണം ചെയ്യാനാകും.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 2.30ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും.