mullappally-ramachandran

മലപ്പുറം: ആയുധവും അക്രമരാഷ്ട്രീയവും ഉപേക്ഷിച്ചാൽ കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മഞ്ചേരിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തിലുള്ള സഹകരണത്തിന് സമാനമായി കേരളത്തിൽ സഹകരിക്കാൻ പിണറായിയും കോടിയേരിയും തയ്യാറാകുന്നില്ല. മുഖ്യമന്ത്രി ബി.ജെ.പിയെ വിമർശിക്കാത്തത് ലാവ്‌ലിൻ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ്. കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തണമെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എം നേരിടുന്ന ജീർണ്ണതയുടെ തെളിവാണ് ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നടപടിയെന്നും സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ തടവറയിൽ നിന്ന് പുറത്തേക്ക് വരാൻ സി.പി.എം തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ദേശീയരാഷ്ട്രീയത്തെ കുറിച്ച് നല്ല ബോദ്ധ്യമുള്ള ലീഗ് മൂന്നാംസീറ്റിന് വാശിപിടിക്കില്ലെന്ന് മുല്ലപ്പള്ളി മറുപടി നൽകി.