പാലക്കാട്: കാണാതായ സ്ത്രീയുടെ മൃതദേഹം അയൽപക്കത്തെ വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മാത്തൂർ പൂശാരിപ്പറമ്പ് കൂടാംതൊടി സഹദേവന്റെ ഭാര്യ ഓമനയുടെ (63) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയും സുഹൃത്തുമടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഓമനയെ വീട്ടിൽനിന്നു കാണാതാവുന്നത്. സമീപത്തെ വീട്ടിലേക്ക് പോയ ഓമന തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ അനിൽ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിലാണ് കസ്റ്റഡിയിലുള്ള യുവാവിന്റെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസം മുമ്പ് യുവാവ് ഓമനയുടെ ആഭരണങ്ങൾ പണയപ്പെടുത്താനായി വാങ്ങിയിരുന്നു. ഇത് തിരിച്ചു കിട്ടാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ സഹായവും കൃത്യത്തിനുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.