പൊന്നാനി: പുതുതായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശത്തിനാണ് പൊതുവെ കുറ്റൂസയെന്ന് പറയാറെങ്കിൽ മത്സ്യബന്ധന മേഖലയിൽ പുതിയ ബോട്ടുകൾ കടലിലിറക്കുന്നതിനാണ് ഈ പേര്. ആഘോഷപൂർവ്വം തീരദേശത്ത് നടന്നിരുന്ന കുറ്റൂസ രണ്ട് പതിറ്റാണ്ടിനിപ്പുറം പൊന്നാനിയിൽ നടന്നു. പൊന്നാനി അഴീക്കൽ തറീക്കാനകത്ത് സാദിഖിന്റെ മത്സ്യബന്ധന ബോട്ട് കടലിലിറക്കുന്ന ചടങ്ങാണ് പഴമയോടെ കുറ്റൂസയായി നടത്തിയത്.
20 വർഷം മുമ്പുവരെ നിർമ്മാണം പൂർത്തിയാക്കിയതും അറ്റകുറ്റപ്പണികൾ നടത്തിയതുമായ മത്സ്യ ബന്ധന ബോട്ടുകൾ ആഘോഷപൂർവ്വമാണ് കടലിലിറക്കിയിരുന്നത്.ബോട്ടുടമയുടെ ബന്ധുക്കളും പൗരപ്രമുഖരും സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളുമുൾപ്പെടെ നിരവധി പേർ കുറ്റൂസക്കെത്തും.ബോട്ട് ചമയങ്ങളാൽ അലങ്കരിച്ചിട്ടുണ്ടാകും. പൊന്നാനിയുടെ തനത് പലഹാരങ്ങൾ ഉൾപ്പെടെ നിരവധി വിഭവങ്ങൾ ക്ഷണിക്കപ്പെട്ടവർക്കായി ഒരുക്കും. മുട്ടമാല മുതൽ മുട്ടപ്പത്തിരി വരെയുള്ള വിഭവങ്ങളുണ്ടാക്കും. പ്രാർത്ഥന നടത്താൻ മതപുരോഹിതരും ഉദ്ഘാടനം നടത്താൻ നേതാക്കളുമുണ്ടാകും.
മത്സ്യബന്ധന ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തി എല്ലാവർഷവും കടലിലിറക്കാറുണ്ടെങ്കിലും പ്രത്യേകമായ ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ല.പുതിയ ബോട്ട് നിർമ്മിച്ച് ഇറക്കുമ്പോഴും അങ്ങിനെ തന്നെ. മത്സ്യസമൃദ്ധി കുറഞ്ഞതും വലിയ ലാഭകരമല്ലാതെയായി മത്സ്യ ബന്ധനം മാറുകയും ചെയ്തതോടെയാണ് കുറ്റൂസ പൊന്നാനി തീരത്തു നിന്ന് നാടുനീങ്ങിയത്.
കടൽപാട്ടുകൾ കൊണ്ടുള്ള ആസ്വാദന സദസ്സായിരുന്നു കുറ്റൂസയിലെ ആകർഷക ഇനം. കടൽപാട്ട് ആലപിക്കുന്ന പ്രത്യേക സംഘം പൊന്നാനി തീരത്തുണ്ടായിരുന്നു. പഴമക്കാരിൽ ചിലർക്കു മാത്രമാണ് കടൽപ്പാട്ട് വശമുള്ളത്. പാട്ട് പാടിയാണ് ബോട്ടുകൾ വെള്ളത്തിലിറക്കിയിരുന്നത്.
പഴമയെ പുനരാനയിച്ച് കുറ്റൂസ നടത്തിയാണ് തറീക്കാനകത്ത് സാദിക്ക് അറ്റകുറ്റപ്പണി തീർത്ത തന്റെ ബോട്ട് പുഴയിലിറക്കിയത്. പഴമയെ ഓർമ്മിപ്പിച്ച് ഇളനീരും നെയ്യപ്പവും മുട്ടപ്പത്തിരിയും മറ്റു പൊന്നാനി വിഭവങ്ങളും കുറ്റൂസക്കായി എത്തിയവർക്ക് വിളമ്പി. കടൽപാട്ടിന് പകരം നാട മുറിച്ചു. നഗരസഭ .കൗൺസിലർമാരായ എ കെ ജബ്ബാറും പറമ്പിൽ അത്തീക്കും ചേർന്നാണ് നാട മുറിച്ചത്.