പൊന്നാനി: കേരളത്തിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മലയാളികളല്ലാത്ത ലോക്സഭാംഗങ്ങൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം എന്ന ഖ്യാതി പൊന്നാനിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇനിയൊരിക്കലും കേരളത്തിന്റെ സാഹചര്യത്തിൽ തിരുത്തപ്പെടാൻ സാദ്ധ്യതയില്ലാത്തതാവാമിത്. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ എട്ടുതവണയും തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളല്ലാത്തവർ. ഏഴു തവണ മുംബൈ സ്വദേശിയായ ഗുലാം മുഹമ്മദ് ബനാത്ത് വാലയും ഒരു തവണ ബംഗളൂരു സ്വദേശിയായ ഇബ്രാഹിം സുലൈമാൻ സേട്ടും.
1977ലാണ് ജി.എം. ബനാത്ത്വാല പൊന്നാനിയിൽ മത്സരിക്കാനെത്തുന്നത്. മുസ്ലിംലീഗിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ ഖാഇദെ മില്ലത്ത് ഇസ്മായിൽ സേട്ടാണ് ബനാത്ത് വാലയെ പൊന്നാനിയിൽ സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നത്. തുടർന്ന് നടന്ന 1980, 84,89,96,98,99 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ബനാത്ത് വാല പൊന്നാനിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1991ൽ നടന്ന തിരഞ്ഞെടുപ്പിൽ ബനാത്ത് വാലയ്ക്ക് പകരം ഇബ്രാഹിം സുലൈമാൻ സേട്ടുവാണ് മത്സരിച്ചത്. സ്ഥിരമായി മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ നിന്നാണ് സുലൈമാൻ സേട്ട് മത്സരിച്ചിരുന്നത്.
ബനാത്ത്വാല ഏഴു തവണയും ഇബ്രാഹിം സുലൈമാൻ സേട്ട് ഒരു തവണയും ഇവിടെ നിന്ന് ജയിച്ചത് വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു. മൂന്നുതവണ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. 1980ൽ ആര്യാടൻ മുഹമ്മദിനെതിരായ പോരാട്ടത്തിലാണ് ഭൂരിപക്ഷം കുറഞ്ഞത്. 50917. തുടർച്ചയായ വൻ വിജയങ്ങളാണ് പൊന്നാനിയെ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന വിശേഷണത്തിലേക്കെത്തിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് ബനാത്ത് വാല മണ്ഡലത്തിലെത്തിയിരുന്നത്. മുംബൈയിലിരുന്ന് പൊന്നാനിയിൽ മത്സരിച്ച് വൻവിജയം നേടി പാർലമെന്റിലെത്തുന്ന രീതിയാണ് രണ്ടര പതിറ്റാണ്ടോളം തുടർന്നത്.
ചുവപ്പു പോയി പച്ച പിടിച്ച്
ആദ്യ നാല് തിരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗുകാരല്ലാത്തവരാണ് പൊന്നാനിയിൽ നിന്ന് പാർലമെന്റിലെത്തിയത്.
ഇതിൽ മൂന്നുവട്ടം ഇടതുപക്ഷ പ്രതിനിധികളായിരുന്നു പാർലമെന്റിൽ പൊന്നാനിയെ പ്രതിനിധീകരിച്ചത്.
1952ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കെ. കേളപ്പനാണ് പൊന്നാനിയെ പ്രതിനിധീകരിച്ച് ആദ്യ ലോക്സഭാംഗമായത്.
മാറ്റം പ്രകടം
1977 മുതൽ 2004 വരെ 27 കൊല്ലം മലയാളികളല്ലാത്തവർ പ്രതിനിധീകരിച്ച മണ്ഡലമാണ് പൊന്നാനി.
2004 ൽ ഇ. അഹമ്മദ് മഞ്ചേരിയിൽ നിന്ന് പൊന്നാനിയിലേക്ക് മത്സരിക്കാനെത്തി.
1.25 ലക്ഷം വോട്ടിനായിരുന്നു വിജയം. 2009ലും 2014ലും ഇ.ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയത്.
2014ലെ ഇ.ടിയുടെ ഭൂരിപക്ഷം 25,410 ആണ്.
ഇടത് എതിർസ്ഥാനാർത്ഥികൾ തോൽക്കാൻ വേണ്ടി മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു പൊന്നാനി.
ഭൂരിപക്ഷത്തിൽ കുത്തനെയുണ്ടായ കുറവും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സാദ്ധ്യമാക്കിയ നേട്ടവും ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിനെ കടുത്ത മത്സരത്തിലേക്കെത്തിക്കും.
കിസാൻ മസ്ദൂർ പ്രജ പാർട്ടിയുടെ പ്രതിനിധിയായാണ് കെ. കേളപ്പൻ തിരഞ്ഞെടുക്കപ്പെട്ടത്.
1962ലെ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ച ഇ.കെ. ഇമ്പിച്ചിബാവ തിരഞ്ഞെടുക്കപ്പെട്ടു.
1971ൽ സി.പി.എമ്മിലെ സി.കെ ചക്രപാണിയും1977ൽ സി.പി.എമ്മിലെ തന്നെ എം.കെ. കൃഷ്ണനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പൊന്നാനി അന്ന് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു.
മലപ്പുറം ജില്ലയുടെ ഭാഗമായി പൊന്നാനി മാറിയതോടെ മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയായി പൊന്നാനി മാറി.