മലപ്പുറം: ജില്ലയിൽ റേഷൻ കാർഡുകളുടെ അച്ചടിക്കായി കൂടുതൽ പേപ്പറുകളെത്തി. പ്രിന്റിംഗ് പേപ്പറിന്റെ ക്ഷാമം ജില്ലയിൽ ഒന്നരലക്ഷത്തോളം റേഷൻ കാർഡുകളുടെ അച്ചടിയെ പ്രതികൂലമായി ബാധിച്ചിരുന്നു. റേഷൻ കാർഡിന്റെ അകത്തെ പേജ് അച്ചടിക്കാനുള്ള 69,000 ഷീറ്റുകൾ കഴിഞ്ഞ ദിവസം ജില്ലയിലെത്തിയിട്ടുണ്ട്. ജില്ലാ സിവിൽ സപ്ലൈസ് അധികൃതർ കാക്കനാട്ടെ ഗവൺമെന്റ് പ്രിൻിംഗ് പ്രസ്സിൽ നിന്നാണ് പേപ്പർ എത്തിച്ചത്. അതേസമയം റേഷൻ കാർഡിന്റെ ലാമിനേഷൻ ചെയ്യുന്ന പുറം ചട്ടയ്ക്കുള്ള പേപ്പറിന്റെ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ല. സിഡിറ്റ് മുഖേ നയാണ് ഇതിനുള്ള പേപ്പർ ലഭിക്കുന്നത്. ഇതുകൂടി പരിഹാരിച്ചാൽ മാത്രമേ റേഷൻ കാർഡുകളുടെ അച്ചടിയും വിതരണവും വേഗത്തിലാക്കാനാവൂ.
റേഷൻ കാർഡ് വിതരണത്തിൽ ഏറെ പിന്നിലുള്ള തിരൂരിൽ ഇന്നലെ മുതൽ കാർഡുകളുടെ വിതരണം തുടങ്ങിയിട്ടുണ്ട്. തിരൂരിൽ 17,000 കാർഡുകളുടെ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോൾ 4,000ത്തോളം കാർഡുകൾ മാത്രമേ പ്രിന്റ് ചെയ്തിട്ടുള്ളൂ. പുറംചട്ട പ്രിൻറ് ചെയ്യാനുള്ള പേപ്പർ കൂടി ലഭ്യമായാലേ പ്രശ്നം വേഗത്തിൽ പരിഹരിക്കാനാവൂ. ചികിത്സാ ആനുകൂല്യമടക്കം വിവിധ ആവശ്യങ്ങൾക്ക് റേഷൻ കാർഡ് മാനദണ്ഡമാക്കുന്നതിനാൽ പ്രിന്റിംഗ് വൈകുന്നത് അപേക്ഷകർക്ക് ദുരിതമാകുന്നുണ്ട്.
ഇനിയും ധാരാളം
നിലവിൽ 1,40,000 ത്തോളം റേഷൻ കാർഡുകളാണ് വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിൽ കുടുങ്ങിക്കിടക്കുന്നത്.
അപേക്ഷകളിൽ പരിശോധനകളെല്ലാം പൂർത്തിയാക്കിയ കാർഡുകളാണിവ.
തിരുത്താനും പുതുക്കാനും പുതിയ കാർഡിനുമായി ജനുവരി 31 വരെ ജില്ലയിൽ ആകെ 2,84,937 റേഷൻ കാർഡ് അപേക്ഷകളാണ് ലഭിച്ചത്.
അംഗങ്ങളെ മാറ്റൽ, കുടുംബം മുഴുവനായി പോയത്, പുതിയ അംഗങ്ങളെ ചേർക്കൽ, പുതിയ കാർഡ് ഉണ്ടാക്കൽ എന്നിവയെല്ലാം ഉൾപ്പെടെയാണിത്.
റേഷൻ കാർഡ് അച്ചടി സംബന്ധിച്ച പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നുണ്ട്. പുറംചട്ട പ്രിന്റ് ചെയ്യാനുള്ള പേപ്പറുകൾ കൂടുതൽ ലഭിക്കേണ്ടതുണ്ട്.
'വി.വി. സുനില,
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ