വള്ളിക്കുന്ന്: നേറ്റീവ് എ.യു.പി സ്കൂളിൽ ഉച്ചഭക്ഷണത്തിനായി മാവേലി സ്റ്റേറിൽ നിന്ന് വിതരണം ചെയ്ത അരി ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. പാകം ചെയ്തപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്ന് എ.ഇ.ഒയും ഹെൽത്ത് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എം.മൊയ്തീൻകുഞ്ഞി, ഫുഡ് സേഫ്റ്റി ഓഫീസർ നീലിമ, പഞ്ചായത്ത് പ്രസിഡന്റ് വി.എൻ.ശോഭന എന്നിവരാണ് പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഓഫീസർ ചാക്കുകൾ പരിശോധിക്കുകയും മൂന്ന് ചാക്കുകളിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു. ബാക്കി അരിച്ചാക്കുകൾ റിപ്പോർട്ട് വരുംവരെ സ്കൂളിൽ സൂക്ഷിക്കണമെന്നും ഭക്ഷണത്തിന് ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതർ പറയുന്നത്- സ്കൂളിൽ പാചകത്തിന് ഉപയോഗിക്കുന്ന അരി അത്താണിക്കൽ മാവേലി സ്റ്റോറിൽ നിന്നാണ് വാങ്ങിയത്. അരിക്ക് പ്രത്യക്ഷത്തിൽ കേടുണ്ടായിരുന്നില്ലെങ്കിലും കുറഞ്ഞതോതിലുള്ള മണം അനുഭവപ്പെട്ടിരുന്നു. തിളച്ച വെള്ളത്തിൽ നന്നായി കഴുകി വേവിച്ചാണ് ഉപയോഗിച്ചിരുന്നത്. വെന്തു തുടങ്ങിയപ്പോൾ നാറ്റം കൂടുതലായി. അപ്പോൾതന്നെ പൊതുമാർക്കറ്റിൽ നിന്നും അരി വാങ്ങി ഭക്ഷണമുണ്ടാക്കി കുട്ടികൾക്ക് നൽകി. കുട്ടികൾ ക്ഷീണിക്കാതിരിക്കാൻ ലഘുഭക്ഷണം വിതരണം ചെയ്തു. ഇതുസംബന്ധിച്ച പരാതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ അറിയിക്കുകയും ബന്ധപ്പെട്ട മാവേലി സ്റ്റോറിൽ നിന്നുള്ള അരിചാക്കുകൾ മാറ്റി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി അധികൃതർ പറയുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലെ ശുചിത്വം സംബന്ധിച്ച കാര്യത്തിൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് പോലും നല്ല മതിപ്പാണുള്ളതെന്നും അധികൃതർ പറഞ്ഞു.