nilambur-stadium
നിലമ്പൂർ സ്റ്റേഡിയ സമ്മുച്ചയം മാതൃക

മലപ്പുറം: സംസ്ഥാന കായിക വകുപ്പ് ജില്ലയിലെ താനൂരിലും നിലമ്പൂരിലും നിർമ്മിക്കുന്ന സ്റ്റേഡിയ സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിക്കും. താനൂരിൽ കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ്സിലും നിലമ്പൂരിൽ മാനവേദൻ ജി.എച്ച്.എസ്.എസിലുമാണ് സ്റ്റേഡിയ സമുച്ചയങ്ങൾ യാഥാർത്ഥ്യമാകുന്നത്. 2016-17 ലെ പരിഷ്‌കരിച്ച ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ള താനൂർ സ്റ്റേഡിയ സമുച്ചയത്തിന്റെ നിർമ്മാണം കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ്സിലെ 4.69 ഏക്കർ സ്ഥലത്താണ്. ഈ സ്റ്റേഡിയത്തിനായി 19.14 കോടി രൂപയുടെ ഭരണാനുമതിയും 10.07 കോടി രൂപയുടെ കിഫ്ബി അനുമതിയും ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോൾ ഗ്രൗണ്ട്, നീന്തൽക്കുളവും അനുബന്ധിച്ച സൗകര്യങ്ങളും, ഫുട്‌ബോൾ കോർട്ടിന് ഇരുവശത്തും ഗ്യാലറികൾ, 100 മീറ്റർ സിന്തറ്റിക് ട്രാക്ക്, ക്രിക്കറ്റ് പരിശീലനത്തിനുള്ള നെറ്റ് കോർട്ടുകൾ, ഔട്ട്‌ഡോർ വോളീബോൾ കോർട്ട് എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കും. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം.

2016-17 ലെ പരിഷ്‌കരിച്ച ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ള നിലമ്പൂർ മിനി സ്റ്റേഡിയ സമുച്ചയത്തിന്റെ നിർമ്മാണം മാനവേദൻ ജിഎച്ച്എസ്എസ്സിന്റെ അധീനതയിലുള്ള 6.47 ഏക്കർ സ്ഥലത്താണ്. ഈ സ്റ്റേഡിയത്തിനായി 17.26 കോടി രൂപയുടെ ഭരണാനുമതിയും 18.30 കോടി രൂപയുടെ കിഫ്ബി അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഫിഫ മാനദണ്ഡ പ്രകാരമുള്ള സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോൾ ഗ്രൗണ്ട്, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇൻഡോർ സ്റ്റേഡിയം, 6 ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, നീന്തൽക്കുളവും അതിനോടനുബന്ധിച്ച സൗകര്യങ്ങളും, ഫുട്‌ബോൾ കോർട്ടിനോടനുബന്ധിച്ചുള്ള ഗാലറി, വിഐപി റൂം, മീഡിയ റൂം, പ്ലയേഴ്സ് റൂം എന്നിവ ഉൾപ്പെടുന്ന പവിലിയൻ കെട്ടിടം എന്നിവയാണ് ഈ സ്റ്റേഡിയ സമുച്ചയത്തിൽ വിഭാവനം ചെയ്യുന്നത്. ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഒന്നര വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം.

വൈകിട്ട് മൂന്നുമണിക്ക് നിലമ്പൂർ മാനവേദൻ ജിഎച്ച്എസ്എസിൽ നടക്കുന്ന ചടങ്ങിൽ പിവി അൻവർ എംഎൽഎ അദ്ധ്യക്ഷനാവും. പി.വി അബ്ദുൾ വഹാബ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. വൈകിട്ട് അഞ്ചു മണിക്ക് താനൂർ കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ്സിൽ നടക്കുന്ന നിർമ്മാണോദ്ഘാടനത്തിൽ വി.അബ്ദുറഹിമാൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. ഇ.ടി മുഹമ്മദ് ബഷീർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ,ഐ.എം വിജയൻ എന്നിവർ മുഖ്യാതിഥികളാവും.