malappuram-district-musli
ഉദ്ഘാടനത്തിന് ഒരുങ്ങിയ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ്

മലപ്പുറം: മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള അനുബന്ധ പരിപാടികൾ 16ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 മുതൽ 24 വരെ തുടർച്ചയായുള്ള 6 ദിവസങ്ങളിലാണ് ജില്ലാ സമ്മേളനം. 16ന് രാവിലെ 10 മണിക്ക് ദളിത് സമ്മേളനവും ഉച്ചക്ക് രണ്ട് മണിക്ക് സംവരണ സമ്മേളനവും മേൽമുറി എം എസ് എം ഓഡിറ്റോറിയത്തിലും ഉച്ചക്ക് രണ്ട് മണിക്ക് പെരിന്തൽമണ്ണ വാവാസ് മാളിൽ ലോയേഴ്സ് കൊളോക്യവും നടക്കും. ദളിത് സമ്മേളനത്തിൽ ഹൈദരാബാദിൽ നിന്നുള്ള ദ്വന്ദപ്രശാന്ത് ആണ് മുഖ്യാതിഥി. സംവരണ സമ്മേളനം മുൻ പ്ലാനിംഗ് ബോർഡ് അംഗം സി.പി ജോൺ ഉദ്ഘാടനം ചെയ്യും. 19ന് മൂന്ന് മണിക്ക് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. ഏഴ് മണിക്ക് സാംസ്‌കാരിക സദസ് അരങ്ങേറും. 20ന് രാവിലെ പത്ത് മണിക്ക് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് പ്രതിനിധി സമ്മേളനം നടക്കും. 21ന് രാവിലെ 10ന് വിദ്യാർഥിക സമ്മേളനം ഇ.ടി മുഹമ്മദ് ബശീർ എം.പി ഉദ്ഘാടനം ചെയ്യും. ഉമർഖാലിദ് ഡൽഹി മുഖ്യാതിഥിയാകും. മലപ്പുറം നഗരസഭ ടൗൺഹാളിൽ ഇതേ ദിവസം രാവിലെ 10ന് നടക്കുന്ന പ്രവാസി ലീഗ് സമ്മേളനം പി.വി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തും. രണ്ട് മണിക്ക് ഉമറാ കോൺഫറൻസ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സഫറിയാബ് ജീലാനി ലക്നൗ മുഖ്യാഥിതിയാകും. 22ന് രണ്ട് മണിക്ക് ജില്ലാ വികസന സെമിനാർ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് കെ എം സി സി ഗ്ലോബൽകോൺഫറൻസും വൈകുന്നേരം ഏഴിന് യുവജന സമ്മേളനവും നടക്കും. മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ എം ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 23ന് രാവിലെ 10ന് വനിതാസംഗമം വനിതാ ലീഗ് ദേശീയ പ്രസിഡന്റ് തസ്രീഫ് ജഹാൻ ചെന്നൈ ഉദ്ഘാടനം ചെയ്യും. കർഷക സമ്മേളനം, തൊഴിലാളി സംഗമം സാംസ്‌കാരിക സമ്മേളനം എന്നിവയും അന്ന് നടക്കും. 24ന് രാവിലെ 9ന് പുതിയ മുസ്ലിംലീഗ് ജില്ലാ ഓഫീസ് ഉദ്ഘാടനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാവും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. യു.എ ലത്വീഫ്, എം എൽ എമാരായ കെ.എൻ.എ ഖാദർ, പി.ഉബൈദുല്ല എന്നിവർ പങ്കെടുത്തു.