കരുവാരക്കുണ്ട്: കരുവാരക്കുണ്ട് അൽഫോൻസ് ഗിരിയിൽ ആനയുടെ ചവിട്ടേറ്റു രണ്ടാം പാപ്പാൻ മരിച്ചു. ചെറുകര സ്വദേശി എലമ്പ താഴത്തേതിൽ മോഹനൻ (49) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. അൽഫോൻസ് ഗിരിയിൽ മരം വലിക്കാനെത്തിച്ച മോഴയാനയുടെ ചവിട്ടേറ്റാണ് രണ്ടാം പാപ്പാൻ മോഹനൻ മരിച്ചത്. ആനയുടെ പുറത്തു പറ്റിയ മണ്ണ് ഒഴിവാക്കുന്നതിനിടെ മോഹനനു അബദ്ധത്തിൽ ചവിട്ടേൽക്കുകയായിരുന്നു. കിടന്ന ആന എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ മോഹനൻ ആനയുടെ കാലിനടിയിൽപ്പെടുകയായിരുന്നു. ഈ സമയം ഒന്നാം പാപ്പാൻ കോഴിക്കോട് താമരശ്ശേരി സ്വദേശി അക്കരപ്പറമ്പിൽ സുൾഫിക്കർ സ്ഥലത്തുണ്ടായിരുന്നില്ല. നിലവിളി കേട്ട് ഓടിയെത്തിയവർ മോഹനനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. തുടർനടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.