healthy-food-by-premkumar
ഭക്ഷണം തയ്യാറാക്കുന്ന പ്രേം കുമാർ

പൊന്നാനി: വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെ ഭക്ഷണ പാനീയങ്ങളുമായി പ്രിയം പ്രേംകുമാർ അന്തർദേശീയ ആയുഷ് കോൺക്ലേവിലേക്ക്. കേരള സർക്കാർ ആയുഷ് വകുപ്പ് ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ആയുഷ് കോൺക്ലേവിന്റെ ഭാഗമായി ഗുഡ് ഫുഡ് കോൺക്ലേവിലാണ് പ്രേം കുമാർ പത്തോളം ഭക്ഷണപാനീയ ഇനങ്ങൾ അവതരിപ്പിക്കും. വൈദ്യശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്ന പാനീയങ്ങളായ ഖർജ്ജുരാദി മന്ഥം, പാനകം,യൂഷം, രസാള, കൊള്ളുരസം ഭക്ഷണ ഇനമായ വേശ വാരം, മലരിഞ്ചി, കരിനെല്ലിക്ക പേരയില ചമന്തി, പനിക്കൂർക്ക ചമന്തി എന്നിവയാണ് തയ്യാറാക്കുക. പൂർണ്ണമായും ഔഷധ ഗുണമുള്ളവയാണ് ഇവയൊക്കെയും. ആയുർവേദം, യൂനാനി, പ്രകൃതിചികിത്സ ഗ്രന്ഥങ്ങളിൽ പറയുന്ന ഭക്ഷണപാനീയങ്ങളാണിത്. വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ പ്രകാരം ഇരുപത്തിയഞ്ച് വിഭവങ്ങൾ തയ്യാറാക്കാൻ പ്രേംകുമാർ പ്രാവീണ്യം നേടിയിട്ടുണ്ടെങ്കിലും പത്തെണമാണ് കോൺക്ലേവിൽ അവതരിപ്പിക്കുന്നത്. ഓഷധക്കൂട്ടുകൾ ഉപയോഗിച്ചാണ് മുഴുവൻ വിഭവങ്ങളും തയ്യാറാക്കുന്നത്. ഖർജ്ജുരാദി മന്ഥം വെൽക്കം ഡ്രിങ്കായി ഉപയോഗിക്കുന്നതാണ്. ഈത്തപ്പഴം, ഉണക്കമുന്തിരി, മലർ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചുക്കും കുരുമുളകുമാണ് രുചിക്കായി ഉപയോഗിക്കുന്നത്. വേശവാരം ആട്ടിറച്ചി കൊണ്ടുള്ള വിഭവമാണ്. യൂഷം സൂപ്പ് പോലെയുള്ളതാണ്. തൈര് കൊണ്ടുണ്ടാക്കുന്ന പാനീയമാണ് രസാള. സാധാരണ രസത്തെ ഔഷധ രൂപത്തിലേക്ക് മാറ്റിയതാണ് കൊള്ളു രസം. പാചക രംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ പരിചയമുള്ള പ്രേംകുമാർ ജൈവ രീതിയിൽ ഭക്ഷണവിഭവങ്ങൾ ഒരുക്കുന്നതിൽ ഏറെ തൽപരനാണ്. പൊന്നാനി താലൂക്കിൽ പ്രവർത്തിക്കുന്ന നല്ല ഭക്ഷണ പ്രസ്ഥാനവുമായി ചേർന്ന് പ്രേംകുമാർ ഒരുക്കുന്ന ജൈവ ഭക്ഷണവിഭവങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തവിടു പായസവും, മാമ്പഴപ്പായസവും, കുമ്പളപ്പവും, ചക്കപ്പൊതിയും ജൈവ വിഭവങ്ങളിൽ ശ്രദ്ധേയമായവയാണ്. റംസാൻ കാലത്ത് നോമ്പ് തുറ വിഭങ്ങളായി ആവിയിൽ പുഴുങ്ങിയ ഒരു ഡസനോളം വിഭവങ്ങൾ വിൽപ്പനക്കൊരുക്കിയിരുന്നു. പൊന്നാനിയിൽ നടന്ന പ്രീ കോൺക്ലേവിൽ പ്രേംകുമാർ നടത്തിയ മികച്ച പ്രകടനമാണ് അന്തർദേശീയ ആയുഷ് കോൺക്ലേവിൽ പങ്കെടുക്കാൻ സാഹചര്യമൊരുക്കിയത്. എടപ്പാൾ മുതൂർ സ്വദേശിയായ പ്രേംകുമാർ പാചകരംഗത്തെ പരീക്ഷണങ്ങൾക്കൊപ്പം നല്ല ഭക്ഷണത്തിന്റെ സാധ്യതകൾ തേടുകയാണ്.