മലപ്പുറം: സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിൽ നൈപുണ്യ പരിശീലനം പൊതുസമൂഹത്തിനു കൂടി പ്രാപ്തമാക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിൽ നൈപുണ്യം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക് പാണ്ടിക്കാട്ട് പ്രവർത്തന സജ്ജമായി. പാണ്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സ്ഥാപിച്ച പാർക്കിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന് മന്ത്രി ഡോ. കെ.ടി ജലീൽ നിർവഹിക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ അഡ്വ. എം. ഉമർ എം.എൽ.എ അധ്യക്ഷത വഹിക്കും.
ഒമ്പത് സ്‌കിൽ പാർക്കുകളാണ് കേരളത്തിൽ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. ഇതിൽ ജില്ലയിലെ ഏക പാർക്കാണ് പാണ്ടിക്കാട്ടേത്. 25,000 ചതുരശ്രയടിയിലാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പരിശീലന കേന്ദ്രം നിർമിച്ചിരിക്കുന്നത്. ഒരേ സമയം മുന്നൂറിൽപരംപേർക്ക് പരിശീലനം നൽകാൻശേഷിയുള്ളതാണ് കേന്ദ്രം. എ.ഡി.ബി. സഹായത്താൽ സംസ്ഥാന സർക്കാർ 13കോടിയോളം രൂപ ചെലവഴിച്ചാണ് കേന്ദ്രത്തിന്റെ നിർമാണം. വൈദ്യുതി, വെള്ളം, ഗ്യാസ്, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളുള്ള വിശാലമായ അഞ്ച് ക്ലാസ് മുറികളും ഹെവി മെഷിനറി, പ്രിസിഷൻ, ഐ.ടി, ആക്ടിവിറ്റി ലാബുകളും വിശാലമായ എൻട്രൻസ് ലോബിയുമാണ് കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ജലത്തിന്റെ ഉചിതമായ ഉപയോഗത്തിന്‌വേണ്ടി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
സേവനം, നൈപുണ്യ വികസനം, ബിസിനസ്, വിനോദം എന്നീ ലക്ഷ്യങ്ങളോടെയാണ് പാർക്ക് സ്ഥാപിക്കുന്നത്. അക്കാദമിക് സൗകര്യങ്ങളോടൊപ്പം ഇന്റേൺഷിപ്പ്, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് നിർമാണം. ഹൈദരാബാദ് ആസ്ഥാനമായ അപ്പോളോമേഡ് സ്‌കിൽസ് എന്ന കമ്പനിയാണ് തൊഴിൽ നൈപുണ്യ ക്ലാസിനെത്തുന്നവർക്ക് പരിശീലനം നൽകുക. ആധുനിക വ്യവസായ ലോകത്തിലെ തൊഴിൽ സാധ്യതകൾക്കനുസരിച്ചുള്ള നൈപുണ്യ പരിശീലന പദ്ധതികളാണ് സ്ഥാപനത്തിൽ തുടങ്ങുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച നിലവാരത്തിൽ സ്വദേശത്തും വിദേശത്തും തൊഴിൽ ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സ്‌കിൽ പാർക്കിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ കൺവീനറായി ഭരണ സമിതിയും രൂപീകരിച്ചിട്ടുണ്ട്.