നിലമ്പൂർ: പ്രളയാനന്തര പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഈമാസം 20ന് നിലമ്പൂരിൽ പട്ടയമേള നടത്തും. ചാലിയാർ പഞ്ചായത്തിലെ 34 കുടുംബങ്ങൾക്കു മന്ത്രി ഇ. ചന്ദ്രശേഖരൻ പട്ടയം വിതരണം ചെയ്യും. ജില്ലയിൽ പ്രളയത്തെ തുടർന്നു ഏറെ പ്രയാസമനുഭവിച്ച നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ മതിൽമൂല പൂളപ്പൊട്ടി, ചെട്ടിയൻപാറ കോളനികളിലെ ആദിവാസികളുൾപ്പെടെയുള്ളവർക്കാണ് പട്ടയം നൽകുന്നത്. ഇവരുടെ പുനരധിവാസത്തിനായി 25 ഏക്കർ ഭൂമിയാണ് അകമ്പാടം വില്ലേജിലെ കണ്ണംകുണ്ട് പ്രദേശത്ത് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. 50 സെന്റ് വീതമുള്ള ഭൂമിയുടെ പട്ടയമാണ് വിതരണം ചെയ്യുന്നത്. ഇതിൽ ഈ മേഖലയിൽ പ്രളയത്തിനരയായ 22 കുടുംബങ്ങൾക്കും ചാലിയാർ പഞ്ചായത്തിലെ ഭൂരഹിതരായ 12 കുടുംബങ്ങൾക്കും ഭൂമി വിതരണം ചെയ്യും.രാവിലെ ഒമ്പതിന് അകമ്പാടത്ത് ചാലിയാർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിക്കും. പി.വി. അബ്ദുൽ വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
പട്ടയമേളയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ പി.കെ.ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ, വൈസ് പ്രസിഡന്റ് എം.ടി.ലസ്ന,ബ്ലോക്ക് സ്ഥിര സമിതി ചെയർമാൻ കെ.ടി. കുഞ്ഞാൻ, നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പട്ടയം കൈമാറുന്നവരുടെ ഭൂമി തിരഞ്ഞെടുക്കുന്നതിനായുള്ള നറുക്കെടുപ്പ് എം.എൽഎ നിർവ്വഹിച്ചു. പി.കെ.ബഷീർ എം.എൽ.എ ചെയർമാനും തഹസിൽദാർ സുഭാഷ് ചന്ദ്രബോസ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.