തിരൂരങ്ങാടി: പഠനോത്സവത്തിന്റെ ഭാഗമായി ചെറുമുക്ക് ജി.എം.എൽ.പി സ്കൂളിൽ നടത്തിയ കുട്ടി കച്ചവട ചന്ത കൗതുകമായി. ഇന്നലെ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ നീണ്ട ചന്തയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ സാന്നിദ്ധ്യം കൂടിയായതോടെ കച്ചവടവും പൊടിപൊടിച്ചു.
വിദ്യാർത്ഥികൾക്കിടയിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടി ചന്ത നടത്തിയത്. പഴയകാല മൺപാത്രങ്ങൾ, വിവിധ ഇനം പച്ചക്കറികൾ, പഴങ്ങൾ, ഉപ്പിലിട്ടവ തുടങ്ങിയവയാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. പുരാവസ്തു പ്രദർശനവുമുണ്ടായിരുന്നു.
കുട്ടിച്ചന്തയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കുങ്ങ്ഫു പ്രദർശനവും സംഘടിപ്പിച്ചിരുന്നു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പനയത്തിൽ മുസ്തഫ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അംഗങ്ങളായ ഇ.പി മുജീബ് , സമീർ പൊറ്റാണിക്കൽ, പ്രധാനാദ്ധ്യാപിക പി.കെ നിഷ, പി.ടി.എ അംഗങ്ങളായ കെ.കെ.അബൂബക്കർ, എൻ. അബ്ദുൽ സലാം, മുസ്തഫ ചെറുമുക്ക്, വളപ്പിൽ അബ്ദുറഹിമാൻ കുട്ടി, കെ.പി ദാവൂദ്, എസ് അബ്ദുൽ സലാം, സ്റ്റാഫ് സെക്രട്ടറി ഇ.പി സൈതലവി , തട്ടരാട്ടിൽ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.