പെരിന്തൽമണ്ണ: ജൈവമാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുമായി പെരിന്തൽമണ്ണ നഗരസഭ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. ബാംഗ്ലൂർ ആസ്ഥാനമായ ജി.പി.എസ് റിന്യൂവബിൾ എന്ന കമ്പനിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം രണ്ട് ടൺ മാലിന്യം ഉപയോഗിച്ച് 300 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കും. പ്ലാന്റ് സ്ഥാപിച്ച് 5 വർഷം ഓപ്പറേഷനും അറ്റകുറ്റപ്പണിയും ഇതേ കമ്പനി തന്നെ ഏറ്റെടുക്കും. ഇതിന് പ്രതിവർഷം മെയിന്റനൻസിന് ഫീസും നിശ്ചയിക്കും. 67 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി ആറു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കുന്ന പക്ഷം മറ്റു നഗരസഭയിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നവീകരണം ആഗസ്റ്റിൽ ഒന്നാംഘട്ടമായും, അജൈവ മാലിന്യ സംസ്‌കരണ ശേഖരണ പ്രവർത്തനങ്ങൾക്കുള്ള എം.ആർ.എഫ് സെന്ററിന്റെ പ്രവർത്തനം രണ്ടാംഘട്ടമായി ഡിസംബറിലും ഒരു കോടി രൂപ ചെലവിൽ നഗരസഭ പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാന്റ് നടത്തിപ്പ് ഏജൻസിയായ ജീവനം സൊല്യൂഷനും ഒരു കോടി രൂപയുടെ സംസ്‌കരണ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ തുടർപ്രവർത്തികൾക്കടക്കം നാലുകോടി രൂപയാണിപ്പോൾ സർക്കാർ അനുവദിച്ചത്. പ്ലാന്റിൽ പുതിയതരം വിൻഡോ, വെർമി കംപോസ്റ്റ് സ്ഥാപിക്കൽ, സമ്പൂർണ വൈദ്യുതീകരണം, വിശ്രമകേന്ദ്രം, ടോയ്‌ലറ്റ് ബ്ലോക്ക്, സർവീസ് സ്റ്റേഷൻ, ജനറേറ്റർ, ഗ്രീൻ ബെൽറ്റ്, ഗാർഡനിംഗ്, റോഡുകൾ, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയ്ക്കായി രണ്ടുകോടിയും, റീ സൈക്കിളിംഗ്, റിപ്പയർ സ്വാപ്പ് ഷോപ്പ് എന്നിവയ്ക്കായി 32 ലക്ഷവും എം.ആർ.എഫ് സെന്റർ പൂർത്തീകരണത്തിന് 19 ലക്ഷവും വാർഡ്‌തല ശുചിത്വ പ്രവർത്തനത്തിന് 45 ലക്ഷം രൂപയും പ്രചാരണ ബോധവൽക്കരണ പരിപാടിക്ക് 12 ലക്ഷം രൂപയുമടക്കം നാല് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. 18ന് രാവിലെ 11.30 നഗരസഭാ അങ്കണത്തിൽ മന്ത്രി എം.എം മണി പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലീം സംസാരിക്കും.