quad-bike-parappanagadi
ക്വാഡ് ബൈക്കുമായി നൗഷീദ്

പരപ്പനങ്ങാടി: പഴയ യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് സ്വന്തമായി ക്വാഡ് ബൈക്ക് നിർമ്മിച്ച് പരപ്പനങ്ങാടി മലബാർ കോ ഓപ്പറേറ്റീവ് കോളേജ് പ്ലസ്ടു വിദ്യാർത്ഥി നൗഷീദ്. വനാന്തരങ്ങളിലും പരുക്കൻ റോഡുകളിലും നിഷ്പ്രയാസം ഓടിച്ചു പോകാവുന്ന രീതിയിലുള്ളതാണ് ക്വാഡ് ബൈക്ക്. പഴയ മോഡൽ പൾസർ ബൈക്കിന്റെ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ പല വാഹനങ്ങളുടെ പാർട്സുകൾ കൊണ്ടാണ് നൗഷിദ് തന്റെ സ്വപ്ന വാഹനം രൂപകല്പന ചെയ്തത്. രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന ഈ ക്വാഡ് ബൈക്കിനു പെട്രോളാണ് ഇന്ധനം. വാഹനത്തിന്റെ ഇൻഡസ്ട്രിയൽ വർക്കും അലൈൻമെന്റും മികച്ച രീതിയിലാണ് ഈ കൗമാരക്കാരൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സോളാർ ബൈക്ക് ഉണ്ടാക്കി ശാസ്ത്രമേളയിൽ താരമായിട്ടുണ്ട് ഈ മിടുമിടുക്കൻ. ആറായിരം രൂപയോളം മാത്രം ചിലവ് വരുന്ന സോളാർ പാനലും ബാറ്ററിയും അടങ്ങുന്ന ഈ ശബ്ദരഹിത വാഹന നിർമാണവും പഴയ വാഹന പാഴ്‌വസ്തുക്കൾ കൊണ്ടായിരുന്നു. പഠനത്തിനിടെ പെട്രോൾ പമ്പിൽ രാത്രി സമയങ്ങളിൽ ജോലി ചെയ്തും ഇവിടെ നിർത്തിയിടുന്ന ബസുകൾ കഴുകിയും കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കൊച്ചു മിടുക്കൻ കണ്ടു പിടിത്തങ്ങൾക്ക് പിന്നിലെ മൂലധനം സ്വരൂപിക്കുന്നത്. പഴയയന്ത്ര സാമഗ്രികൾക്ക് പുതുജീവൻ നൽകുന്ന ഈ പ്ലസ്ടുക്കാരന്റെ വലിയ കണ്ടുപിടിത്തങ്ങൾക്ക് അകമഴിഞ്ഞ പ്രോൽസാഹനവും പ്രശംസയുമായി നാട്ടുകാരും കുടുംബവും ഒപ്പമുണ്ട്. കുറ്റിപ്പുറത്തു നടക്കുന്ന എക്സിബിഷനിൽ നൗഷിദിന്റെ സ്വപ്ന വാഹനവും പ്രദർശനത്തിനുണ്ട്. പരപ്പനങ്ങാടി പുത്തൻപീടികയ്ക്കടുത്ത എൻ.സി.സി റോഡിലെ ഞാറ്റുകെട്ടി മുഹമ്മദ് കുട്ടിയുടെയും സാജിദയുടെയും ഇളയ മകനാണ് നൗഷിദ്. നൗഫൽ, മുഫിദ തുടങ്ങിയവരാണ് സഹോദരങ്ങൾ