murshid
murshid

മഞ്ചേരി: കാവനൂർ ചെരങ്ങാകുണ്ടിൽ വാഹനാപകടത്തിൽ യുവാവു മരിച്ചു. ഒരാൾക്കു പരിക്കേറ്റു. കാവനൂർ മീഞ്ചറയിലെ മണ്ണിൽതൊടി സ്വാലിഹ് മുസ്ലിയാരുടെ മകൻ മുർഷിദ് (24) ആണ് മരിച്ചത്. സുഹൃത്ത് വി.ടി.സലീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ ചെരങ്ങാകുണ്ട് അങ്ങാടിയിലാണ് അപകടം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് തൊട്ടുമുന്നിലുണ്ടായിരുന്ന ഗുഡ്സിൽ തട്ടുകയും മുർഷിദ് റോഡിലേക്ക് വീഴുകയുമായിരുന്നു. ഇതേസമയം എതിരെ വന്ന ടിപ്പർ ലോറി മുർഷിദിന്റെ ദേഹത്തു കയറിയിറങ്ങുകയായിരുന്നു. ശരീരം പൂർണമായും ചതഞ്ഞരഞ്ഞ യുവാവ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ആയിശയാണ് മരിച്ച മുർഷിദിന്റെ മാതാവ്. സഹോദരങ്ങൾ: കെ.സുനീറബാനു, ഉമൈമത്ത്, മുഹസിൻ.