തവനൂർ: രക്ത സാക്ഷ്യം പരിപാടി അവസാനിച്ചാലും എല്ലാവരുടെയും മനസ്സിൽ ഗാന്ധിയൻ ആശയങ്ങളും ചിന്താഗതികളും വേണം. ഗാന്ധിയെ പ്രചോദനമായി എപ്പോഴും ഉള്ളിൽ കൊണ്ടു നടക്കുമ്പോഴാണ് നല്ല ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാൻ കഴിയുകയെന്നും ഗവർണർ പി. സദാശിവം. സാംസ്‌കാരിക വകുപ്പ് സർവ്വോദയ മണ്ഡലവുമായി സഹകരിച്ച് നടത്തുന്ന രക്ത സാക്ഷ്യം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ
ഇന്ത്യക്കാരനും സ്വയം ചോദിക്കണം ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ നമുക്ക് സഫലമാക്കുവാൻ കഴിഞ്ഞിട്ടുണ്ടോയെന്ന്.
ബ്രീട്ടീഷുകാരിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നില നിന്നിരുന്ന ജാതീയത, തൊട്ടുകൂടായ്മ , തീണ്ടി കൂട്ടായ്മ തുടങ്ങി എല്ലാ അനാചാരങ്ങളിൽ നിന്നു കൂടിയാണ് ഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടി തന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രക്ത സാക്ഷ്യം പരിപാടിയുടെയും ഗാന്ധി കണ്ട അക്രമരഹിതവും സമാധാനപരവുമായ ഇന്ത്യയുടെയും പ്രാധാന്യം വളരെയേറെയാണ്. വെടിയുതിർത്തപ്പോൾ ഗാന്ധിയുടെ ശരീരത്തിൽ നിന്ന് മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും ശരീരത്തിൽ നിന്ന് കൂടിയാണ് രക്തം ഒഴുകിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശ്വാസത്തോടൊപ്പം മറ്റു മത വിശ്വാസങ്ങളെയും ഉൾക്കൊള്ളാൻ ഗാന്ധിജി പഠിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും
ഒന്നായിരുന്നെന്നും ചടങ്ങിൽ അധ്യക്ഷനായ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ പറഞ്ഞു. ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി ഇന്ന് വളരെയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സർവ്വോദയ മണ്ഡലം പ്രസിഡന്റ് ജോസ് കെ. മാത്യു, സാംസ്‌കാരിക ഉന്നത സമിതി ചെയർമാൻ ഡോ. പ്രഭാകരൻ പഴശ്ശി, തവനൂർ പഞ്ചായത്ത്
പ്രസിഡന്റ് അബ്ദുൾ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി വേലായുധൻ, പ്രോഗ്രാം കൺവീനർ ടി. ശിവദാസ് എന്നിവർ സംസാരിച്ചു. ഗാന്ധിജിയെ പലവട്ടം വധിക്കുന്നതെന്തിന്' എന്ന വിഷയത്തിൽ പ്രൊഫ എം. എം
നാരായണൻ, ശ്രീ ചിത്രൻ എന്നിവർ സംസാരിച്ചു. വനിതാ സമ്മേളനത്തിൽ ആതിരയും കാവ്യാലാപനത്തിൽ പ്രൊഫസർ വി മധുസൂദനൻ നായർ പങ്കെടുത്തു. ഫെബ്രുവരി ആറ് മുതൽ ആരംഭിച്ച രക്തസാക്ഷ്യം പരിപാടിയും സർവ്വോദയ മേളയും കൊടുവള്ളി ബ്ലാക്ക് തിയേറ്റർ അവതരിപ്പിക്കുന്ന 'നൊണ ' നാടകത്തോട് കൂടി അവസാനിച്ചു.