പെരിന്തൽമണ്ണ: നഗരസഭയിലെ 640 എസ്.സി കുടുംബങ്ങളുടെ വാസയോഗ്യമല്ലാത്ത വീടുകൾ പുതുക്കിപ്പണിയുന്നതിന് പുറമെ പെൺകരുത്തിൽ ബൃഹത്തായ ഒരു ഭവന സമുച്ചയ നിർമ്മാണ പദ്ധതി കൂടി നടപ്പിലാക്കുകയാണ് പെരിന്തൽമണ്ണ നഗരസഭ. പാതായ്ക്കര വില്ലേജിൽ എരവിമംഗലം ഒടിയൻചോലയിൽ വാങ്ങിയ 6.87 ഏക്കർ സ്ഥലത്താണ് ലൈഫ് മിഷന്റെ സഹായത്തോടെ 400പേർക്കുള്ള ഭവന സമുച്ചയം നഗരസഭ ഒരുക്കുന്നത്. 23 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർപ്പിട സമുച്ചയത്തിന് തറക്കല്ലിടും. നഗരസഭയുടെ മാലാഖ സൊലൂഷൻസ് എന്ന കുടുംബശ്രീ സംരംഭക ഗ്രൂപ്പിനാണ് പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണച്ചുമതല.
600 സ്‌ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായി 12 ഭവനങ്ങളങ്ങുന്ന 34 ഭവന സമുച്ചയമാണ് നിർമ്മിക്കുന്നത്. ഭവന സമുച്ചയത്തോടൊപ്പം ഈ വീടുകൾക്കാവശ്യമായ കുടിവെള്ള പദ്ധതി, വൈദ്യുതി ലൈൻ, കമ്യൂണിറ്റി ഹാൾ, അങ്കണവാടി, റസിഡൻസ് അസോസിയേഷൻ ഹാൾ, വാണിജ്യ സ്ഥാപനങ്ങൾ, തൊഴിൽ പരിശീലനകേന്ദ്രം, കളിസ്ഥലം, വിശ്രമകേന്ദ്രം എന്നീ ആധുനിക സൗകര്യങ്ങളും ഇവിടെ നിർമ്മിക്കും. 44 കോടിയുടേതാണ് പദ്ധതി. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതി വിഹിതം 20 കോടിയും പി.എം.എ.വൈ വിഹിതം 6 കോടി രൂപ, തൊഴിലുറപ്പ് വിഹിതം 1.47 കോടിയും ശുചിത്വ മിഷൻ വിഹിതം 56 ലക്ഷം രൂപയും ഗുണഭോക്തൃവിഹിതം 2 കോടിയും വിവിധ സ്രോതസ്സുകളിലെ സംഭാവന, സി.എസ്.ആർ ഫണ്ട് - 13.97 കോടി എന്നിങ്ങനെ വിവിധ ധനസ്രോതസ്സുകളെ ഏകോപിപ്പിച്ച് ഒരു വർഷത്തിനകം തന്നെ പദ്ധതി പൂർത്തീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം പറഞ്ഞു.
ലൈഫുമായി ബന്ധപ്പെട്ട് നടത്തിയ സർവ്വേയിൽ നഗരസഭയിൽ 1,324പേർ ഭൂമിയുള്ള ഭവന രഹിതരാണെന്ന് കണ്ടെത്തിയിരുന്നു. 6 ഡി.പി ആറുകളിൽ പി.എം.എ.വൈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് സമ്പൂർണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിഭാഗത്തിന്റെ പ്രശ്നം നഗരസഭ പരിഹരിച്ചു. പണിതീരാത്ത വീടുള്ള 245പേർക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം അധിക ധനസഹായം അനുവദിച്ചു. അതിന്റെ പ്രവർത്തി പുരോഗമിക്കുകയാണ്.
ഭൂരഹിത ഭവന രഹിതരായി 512പേരാണ് ലൈഫ് മിഷനിലൂടെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 2 സെന്റ് ഭൂമിപോലും ഇല്ലാത്ത 400പേരെ അവരുടെ മറ്റ്‌ക്ലേശ ഘടകങ്ങളും പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ കൗൺസിൽ ലിസ്റ്റ് തയ്യാറാക്കി തിരഞ്ഞെടുത്തു. ഇവർക്കുള്ള ഭവന സുച്ചയമാണ് കുറഞ്ഞ ചിലവിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ എരവിമംഗലത്ത് നിർമ്മിക്കുന്നത്.