മലപ്പുറം: ഗ്രോബാഗിൽ ഇഞ്ചിയും മഞ്ഞളും കുറ്റി കുരുമുളകും വിളയിക്കാൻ പുതിയ കാർഷിക പദ്ധതിയുമായി പൊന്നാനി നഗരസഭ. ഗ്രോബാഗിൽ ഇഞ്ചി, മഞ്ഞൾ, കുറ്റിക്കുരുമുളക് എന്നിവയുടെ വിതരണോദ്ഘാടം പൊന്നാനി നഗരസഭ കാർഷിക നഴ്സറിയിൽ നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി 5.53 ലക്ഷം രൂപയാണ് നഗരസഭ പദ്ധതിക്കായി വകയിരുത്തിയത്.
ഗുണഭോക്തൃവിഹിതം ഉൾപ്പെടെ മൊത്തം 7.37 ലക്ഷം രൂപയുടേതാണ് പദ്ധതി. ഒരാൾക്ക് നാല് ബാഗ് ഇഞ്ചി, നാല് ബാഗ് മഞ്ഞൾ, രണ്ട് ബാഗ് കുറ്റി കുരുമുളക് അടങ്ങുന്ന 10 ബാഗുകളാണ് നൽകുന്നത്. 1,180 രൂപയാണ് പാക്കേജിന്റെ വില. അതിൽ 295 രൂപയാണ് ഗുണഭോക്തൃ വിഹിതം. അത്യുൽപാദനശേഷിയുള്ള സങ്കര ഇനമായ വരദ ഇഞ്ചിയും, പ്രഗതി ഇനത്തിൽ പെട്ട മഞ്ഞളും ആണ് വിതരണം ചെയ്തത്.
ചടങ്ങിൽ കൃഷി വർക്കിങ് ഗ്രൂപ്പ് ചെയർപേഴസൺ വി.വി സുഹറ അധ്യക്ഷയായി. കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ പൊന്നാനി, ബാബുരാജ്,സേതുമാധവൻ, ഇക്ബാൽ മഞ്ചേരി, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ വിജയശ്രീ, ഐ.സി.എസ്.ആർകോ-ഓർഡിനേറ്റർ ടി..വൈ അരവിന്ദാക്ഷൻ പൊന്നാനി കൃഷി ഓഫീസർ രാധാകൃഷണ പിള്ള , കൃഷി ഓഫീസർ അമല എന്നിവർ സംസാരിച്ചു.