മലപ്പുറം: മാലിന്യ സംസ്‌കരണത്തിന് രാജ്യത്തിന് മാതൃകയായി തുവ്വൂർ പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനൊപ്പം 15പേർക്ക് തൊഴിൽ നൽകാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ചെരുപ്പ്, ബാഗ്, തെർമോകോൾ തുടങ്ങി പാഴ് വസ്തു കച്ചവടക്കാർ ഏറ്റെടുക്കാത്ത മാലിന്യങ്ങളടക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്നുണ്ട്. ഇത്തരം മാലിന്യങ്ങൾ എസിസി സിമന്റ് കമ്പനിക്കാണ് നൽകുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പഞ്ചായത്ത് മാലിന്യ സംസ്‌കരണത്തിന് ഇത്തരം വിപുലമായ മാർഗം സ്വീകരിക്കുന്നത്. സിമന്റ് നിർമാണത്തിന് ഇന്ധനമായിട്ടാണ് കമ്പനി മാലിന്യങ്ങൾ ഉപയോഗിക്കുന്നത്. ഇതുവരെ രണ്ട്‌ലോഡുകളാണ് എസിസി കമ്പിനിക്ക് പഞ്ചായത്ത് നൽകിയത്. ഇന്നലെയായിരുന്നു രണ്ടാമത്തെ ലോഡ് കയറ്റിയയച്ചത്.
2018 ജനുവരിയിലാണ് 'ഗ്രാമജ്യോതി' യെന്ന പേരിൽ മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്ത് പദ്ധതിയാരംഭിച്ചത്. പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങൾ പരിഹാരം കാണാനായിട്ടുണ്ടെന്നും പകർച്ച വ്യാധികൾ ഒരു പരിധി വരെ തടയാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ടി ബാലകൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. വീടുകളിൽ നിന്ന് രണ്ടര മാസത്തിലൊരിക്കലും കടകളിൽ നിന്ന് 15 ദിവസത്തിലൊരിക്കലും മാലിന്യം ശേഖരിക്കും. പഞ്ചായത്ത് ഓഫീസിന് സമീപത്തായി സ്ഥാപിച്ച സ്ഥലത്ത് വച്ചാണ് ഇവ ശേഖരിക്കുന്നത്. വീടുകളിൽ നിന്നും 20 രൂപയും ചെറിയ കടകളിൽ നിന്ന് 50 രൂപയും വലിയ കടകളിൽ നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്. തരം തിരിച്ച മാലിന്യങ്ങൾ പാഴ് വസ്തുകച്ചവടക്കാർക്ക് വിൽക്കും. വീടുകൾ, കടകൾ എന്നിവടങ്ങളിൽ നിന്നും ഈടാക്കുന്ന ഫീസും വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് പ്രധാനമായും ജോലിക്കാർക്ക് ശമ്പളം നൽകുന്നത്. തികയാതെ വരുന്ന തുക പഞ്ചായത്തും നൽകും.
മാലിന്യം തരംതിരിക്കുന്നതിന് ഗ്രാമജ്യോതി വളണ്ടിയർമാരെ കൂടാതെ തൊഴിലുറപ്പുതൊഴിലാളികൾ, ക്ലബ്ബുകൾ, ആശാവർക്കർമാർ, എൻ.എസ്.എസ് പ്രവർത്തകർ, മറ്റുസംഘടനകൾ എന്നിവർ വർഷത്തിൽ ഒരുദിവസം സന്നദ്ധസേവനവും നൽകുന്നുണ്ട്. ഇത് പൊതുജനങ്ങളെ ഇതിന്റെ ഭാഗമാക്കുന്നതിനും മാലിന്യ നിർമ്മാർജന സാക്ഷരത എന്ന പൊതുബോധം ഉണ്ടാക്കുന്നതിനും സഹായകമാകുന്നു. തരംതിരിച്ച മാലിന്യങ്ങളുടെ ഓരോ ഇനങ്ങളുടെയും വിലവിവരം കാണിക്കുന്ന ബോർഡ് മാലിന്യകേന്ദ്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അമ്പതിലധികം പഞ്ചായത്തുകൾ, സ്‌കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി നിരവധിപേർ തുവ്വൂർ മാതൃക കാണാൻ നേരിട്ട് സന്ദർശിച്ചിട്ടുണ്ട്. പ്ലാസ്റ്റ് മുക്ത പഞ്ചായത്താക്കി തുവ്വൂരിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.