cyber-case-manjeri
ഒച്ചുബ കിങ്സ്ലി ഉഗോണ്

മലപ്പുറം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഹവാലയുമടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട നൈജീരിയൻ സ്വദേശിയായ ഒച്ചുബ കിങ്സ്ലി ഉഗോണ്ണയെ (35) മഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം പുലർച്ചെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു. സൈബർ കുറ്റവാളികളെ പിടികൂടാൻ മഞ്ചേരി പൊലീസ് സൈബർ ഫോറൻസിക് ടീം നടത്തുന്ന ഓപ്പറേഷനിലൂടെയാണ് പ്രതി പിടിയിലായത്. വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കിയും ഹാക്കിംഗിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളും സിം സ്വാപ്പിംങ്ങും എടിഎം ക്ലോണിംഗും മുതലായ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ചും സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണിയാൾ. നൈജീരിയക്കാരനായ ഇയാൾ സൗത്ത് ആഫ്രിക്കയുടെ വ്യാജ പാസ്‌പോർട്ടും വിസയും ഉപയോഗിച്ചാണ് ഇന്ത്യയിൽ താമസിച്ചിരുന്നത്. പ്രതിയെ സംബന്ധിച്ച വിവരത്തെ തുടർന്ന് ഡൽഹിയിലെത്തിയ പൊലീസ് സംഘം താമസസ്ഥലത്ത് നിന്നാണ് പിടികൂടിയത്. ഇതോടെ ഓൺലൈൻ തട്ടിപ്പ് കേസിൽ മഞ്ചേരി പൊലീസ് ഏഴ് മാസത്തിനിടെ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം ഒമ്പതായി. പ്രതിയിൽ നിന്നും തട്ടിപ്പിനുപയോഗിക്കുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, റൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. കോടികളുടെ സാമ്പത്തിക ഇടപാടുകൾ ഇയാൾ നടത്തിയതായും പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലുള്ളവരും, മറ്റ് രാജ്യക്കാരും തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ കെ.പി. അബ്ദുൽ അസീസ്, ഹരിലാൽ, ലിജിൻ എന്നിവരാണ് ഡൽഹിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.