തിരൂരങ്ങാടി: എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നും അഞ്ച് വർഷം ഒരു രൂപ പോലും വില വർദ്ധിക്കില്ലെന്നും പറഞ്ഞ് അധികാരത്തിലേറിയ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള പിണറായി സർക്കാർ ഫെബ്രുവരി 9ന് പൂർത്തിയാക്കിയത് വാഗ്ദാന ലംഘനങ്ങളുടെയും ജനവഞ്ചനയുടെയും ആയിരം ദിനങ്ങളാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല പറഞ്ഞു. ഇടതു സർക്കാറിന്റെ വാഗ്ദാന ലംഘനത്തിലും ജനവഞ്ചനയിലും പ്രതിഷേധിച്ച് സി.എം.പി തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സർക്കാർ അധികാരത്തിലേറി നൂറ് ദിവസം പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാധീതമായി ഉയരുകയാണുണ്ടായത്. റേഷൻ വിതരണം ഇതുപോലെ താറുമാറായൊരുകാലം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്കാണ് റേഷൻ നിഷേധിക്കപ്പെട്ടിരിക്കുന്നത്. പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന ലൈഫ് പദ്ധതി പൂർണ്ണ പരാജയമായിരിക്കുകയാണ്. തൊഴിലില്ലായ്മ അനുദിനം വർദ്ധിച്ചു വരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം മൂലം സർവ്വതും നഷ്ട്ടപ്പെട്ട പാവപ്പെട്ട ആളുകൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങൾ ഇതുവരെയും സർക്കാറിന് വിതരണം ചെയ്യാനായിട്ടില്ലെന്നും അദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി വാസുകാരയിൽ അധ്യക്ഷത വഹിച്ചു. പുനത്തിൽ രവീന്ദ്രൻ, അഷറഫ് തച്ചറപടിക്കൽ, എം.ബി രാധാകൃഷ്ണൻ, പി.ടി.ഹംസ, വി.പി അഹമ്മദ് കോയ, സി.പി അറമുഖൻ, എം.ബി ഷൈജു, കെ.ജാഫറലി, വി.കെ ബിന്ദു. കെ.ഗീത പ്രസംഗിച്ചു.