perinthalmanna-indoor-mar
പെരിന്തൽമണ്ണയിൽ നിർമ്മിക്കുന്ന 40 കോടിയുടെ ആധുനിക ഇൻഡോർ മാർക്കറ്റിന്റെ മാതൃക

പെരിന്തൽമണ്ണ: നഗരസഭയുടെ രജതജൂബിലി പദ്ധതിയിൽ ഉൾപ്പെട്ട ആധുനിക ഇൻഡോർ മാർക്കറ്റ് യാഥാർത്ഥ്യമാകുന്നു. നിലവിലെ ഡെയ്‌ലി മാർക്കറ്റ് നിലനിൽക്കുന്ന 2.73 ഏക്കർ സ്ഥലത്താണ് കാലോചിതമായ രൂപകൽപ്പനയും സൗകര്യങ്ങളും സജ്ജീകരിച്ച ഇൻഡോർ മാർക്കറ്റ് യാഥാർത്ഥ്യമാകുന്നത്. 40 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ ഭരണസാങ്കേതിക നടപടികൾ പൂർത്തിയാക്കി. ശിലാസ്ഥാപനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ 19ന് രാവിലെ 10ന് മാർക്കറ്റ് സൈറ്റിൽ നിർവഹിക്കും. കാലപ്പഴക്കം കൊണ്ടും അസൗകര്യങ്ങൾ കൊണ്ടും വീർപ്പുമുട്ടുന്ന മാർക്കറ്റ് പുതുക്കി പണിയണമെന്ന ദീർഘകാലത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്. രണ്ടുലക്ഷം സ്‌ക്വയർഫീറ്റിലാണ് മാർക്കറ്റ് നിർമ്മാണം. 300 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനാവും. ഗ്രൗണ്ട് ഫ്‌ളോറിൽ 200 റൂമുകൾ നിർമ്മിക്കും. ഇവ നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കാനായാണ് വിനിയോഗിക്കുക. എട്ട് ലിഫ്റ്റും നാല് എസ്‌ക്കലേറ്ററുമുണ്ടാവും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഒന്നരവർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. മാർച്ച് ഒന്നിന് പ്രവർത്തി ആരംഭിക്കും.