മലപ്പുറം: ആചാരത്തിന്റെ മറവിൽ ദുരാചാരം അടിച്ചേൽപ്പിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുത്തു തോൽപ്പിക്കണമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പറഞ്ഞു. ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ക്ഷേത്രത്തിൽ ഉൾപ്പെടെ പല ക്ഷേത്രങ്ങളിലും പ്രാകൃതമായ അനാചാരം അടിച്ചേൽപ്പിച്ചുവരികയാണ്. ഇതിന് കനത്ത ആഘാതമേൽപ്പിക്കുന്ന സത്യവാങ്മൂലമാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ശബരിമല വിഷയത്തിലുള്ള നിയമപോരാട്ടത്തിൽ പ്രാചീന ഭരണഘടനയായ മനുസ്മൃതിയിലെ പ്രതിലോമപരമായ ആശയങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ഭരണ ഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള കാലാനുസൃതമായ അവകാശങ്ങളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് മുകളിൽ ആചാരത്തെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന് പിന്നിൽ സമർണ്ണ ഹിന്ദുത്വത്തിനുള്ള നിയമപരിരക്ഷ സ്ഥാപിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ കെ വേലായുധൻ അധ്യക്ഷത വഹിച്ചു. വേലായുധൻ വെന്നിയൂർ, പി. സുരേഷ്, സുധീഷ് പയ്യനാട്, സുബ്രഹ്മണ്യൻ പാണ്ടിക്കാട്, പി.രാജൻ്, രമേശ് കൊണ്ടോട്ടി, എം ടി അഭിഷേക്, സുബ്രഹ്മണ്യൻ വാണിയമ്പലം, പി. കെ. ഷാജു സംസാരിച്ചു.