waste-clipart
മാലിന്യം

മഞ്ചേരി: പൊതു ജലാശയ മലിനീകരണം മഞ്ചേരിയിൽ വീണ്ടും ആരോഗ്യ പ്രതിസന്ധി തീർക്കുന്നു. നഗരമധ്യത്തിലൂടെ ഒഴുകുന്ന പ്രധാന ജലാശയങ്ങളെല്ലാം അനിയന്ത്രിതമായ മാലിന്യ നിക്ഷേപം കാരണം മലീനസമാണ്. പ്രദേശത്തെ കിണറുകളടക്കമുള്ള ശുദ്ധജലാശയങ്ങളും ഇതോടെ മലിനമാവുകയാണ്. വിഷയത്തിൽ ആരോഗ്യ വകുപ്പിന്റേയും നഗരസഭയുടേയും ഇടപെടലുകൾ നാമമാത്രമാവുമ്പോൾ ജനരോഷം ശക്തമാവുന്നു. മലിനജല സംസ്‌ക്കരണത്തിനു ശാസ്ത്രീയ സംവിധാനങ്ങളില്ലാത്ത നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം പ്രകൃതിദത്ത ജലാശയങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കുമാണ് ഒഴുക്കുന്നത്. മനുഷ്യ വിസർജ്യങ്ങളടക്കം യാതൊരു ശാസ്ത്രീയ പിൻബലവുമില്ലാതെ ഈവിധം ഒഴുക്കുന്നത് പൊതുജനാരോഗ്യത്തിനു കടുത്ത വെല്ലുവിളിയാണു തീർക്കുന്നത്. മഞ്ചേരി രാജീവ്ഗാന്ധി ബൈപ്പാസ് പരിസരത്തുള്ള തോടിൽ വൻതോതിലാണ് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. ജലാശയത്തിൽ അവശേഷിക്കുന്ന വെള്ളത്തിൽ മാലിന്യങ്ങൾ അഴുകി മേഖലയാകെ ദുർഗന്ധവും പരക്കുന്നുണ്ട്. ജലാശയ മലിനീകരണം പ്രദേശത്തെ ശുദ്ധജല സ്രോതസുകളായ കിണറുകളേയും നേരിട്ടു ബാധിക്കുന്നുണ്ട്. പകർച്ച വ്യാധികൾക്കു കാരണമായേക്കാവുന്ന വിഷയത്തിൽ ആരോഗ്യ വകുപ്പോ നഗരസഭയോ ഇതുവരെ ഇടപെട്ടിട്ടില്ല. നഗരത്തിലെ നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കാതെ നേരിട്ട് ഓടകളിലേക്കാണ് പുറംതള്ളുന്നത്. അരുകിഴായ, ശാന്തിഗ്രാമം, പുതുക്കുടി, തുറക്കൽ ഭാഗങ്ങളിലേക്കു നീളുന്ന ഓടകളിലെ മലിനജലം പൊട്ടിയൊഴുകി പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസുകൾ വരെ മലിനമാണ്. പ്രകൃതിദത്ത ജലാശയങ്ങളും ഓടകളും ശുചീകരിക്കാൻ നഗരസഭ നടപ്പാക്കിയ ക്ലീൻ മഞ്ചേരി പദ്ധതി ഫലപ്രാപ്തിയിലെത്തിയിട്ടില്ല. നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും താമസക്കാരുമുൾപ്പെടെയുള്ളവർ മാലിന്യങ്ങൾ പൊതു ജലാശയങ്ങളിലും ഓടകളിലും തള്ളുന്നുണ്ട്.