മലപ്പുറം: ജില്ലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി നേരിട്ടപ്പോൾ എൽ.ഡി.എഫ് ഒരുഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പിടിച്ചെടുത്തു. കാവനൂർ പഞ്ചായത്തിലെ 16ാം വാർഡിൽ മുസ്‌ലിം ലീഗിനെ അട്ടിമറിച്ചാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പൊട്ടണംചാലി ഷാഹിന വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനായി. മുസ്‌ലീം ലീഗിന്റെ സിറ്റിംഗ് സീറ്റായുരുന്നുയിത്. യു.ഡി.എഫിലെ മുക്കണ്ണൻ സഫിയയെ 40 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബിജെപിയിലെ ആഷിജയും മത്സരരംഗത്തുണ്ടായിരുന്നു. എളയൂരിൽ ആറ് സ്വതന്ത്ര സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂർ ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ഒ.ബാബുരാജ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബാബുരാജ് 4,814 വോട്ട് നേടിയപ്പോൾ യു.ഡി.എഫിന്റെ സി.എം പുരുഷോത്തമൻ 4,549 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി വി.കെ.സുഭാഷ് 668 വോട്ടും നേടി. യു.ഡി.എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തതോടെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് ലഭിക്കും. യു.ഡി.എഫ് അംഗം ടി.പി അശോകന്റെ മരണത്തെ തുർന്നാണ് തിരഞ്ഞെടുപ്പ്. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരിച്ചിരുന്നത്.