attiyanpara-electricity-p
പ്രവർത്തനം പുനരാരംഭിച്ച ആഢ്യൻപാറ വൈദ്യുതി നിലയം

നിലമ്പൂർ: സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പ്രളയത്തിലുണ്ടായ തകരാർ മൂലം പ്രവർത്തനം നിർത്തിവെക്കേണ്ടി വന്ന നിലമ്പൂർ ആഢ്യൻപാറ വൈദ്യുതി നിലയം പ്രവർത്തനം പുനരാരംഭിച്ചു. ഒരു വർഷമെങ്കിലും എടുക്കുമായിരുന്ന പ്രവൃത്തികളാണ് നാലു മാസങ്ങൾ കൊണ്ട് തീർത്തത്. വൈദ്യുതി വകുപ്പും കെ.എസ്.ഇ.ബിയും നടത്തിയ കൂട്ടായ ശ്രമങ്ങൾ മൂലമാണ് വൈദ്യുതി നിലയത്തിന്റെ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങാനായത്. ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയാണ് ചാലിയാർ പുഴയുടെ പോഷക നദിയായ കാഞ്ഞിരപ്പുഴയുടെ കുറുകെ ആഢ്യൻപാറ ജലവൈദ്യത പദ്ധതി. 3.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ളതാണ് വൈദ്യുതി നിലയം. മലയോരമേഖലയിൽ കനത്ത മഴ പെയ്ത ആഗസ്ത് എട്ടിന് പന്തീരായിരം മലനിരകളിലെ തേൻമലയിലുണ്ടായ ഉരുൾപൊട്ടലാണ് ജലവൈദ്യുത നിലത്തിന് കനത്ത ഷോക്കായത്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൻ നാശമുണ്ടായതിനെ തുർന്നാണ് ഈ നിലയത്തിൽ ഉൽപ്പാദനം നിർത്തിവച്ചത്. മലനിരയിൽനിന്ന് ഉദ്ഭവിക്കുന്ന കുതിരപ്പുഴയിൽനിന്നാണ് ജലവൈദ്യുത നിലയത്തിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്നത്. പവർഹൗസിലേക്ക് വെള്ളമെത്തിക്കാനായി മലമുകളിൽ നിർമിച്ച തടയണക്കു സമീപമാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. എട്ടുമീറ്റർ താഴ്ചയും 58 മീറ്റർ നീളവും 5.56 മീറ്റർ ഉയരവുമുള്ള തടയണയിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും നിറഞ്ഞു. ഇതോടെ തടയണയിൽ വെള്ളം സംഭരിക്കാൻ കഴിയാതെയായി. തടയണയിൽ നിറയുന്ന വെള്ളം സമീപത്തെ കോൺക്രീറ്റ് കെട്ടി നിർമിച്ച ട്രാഷ് റാക്കിലേക്ക് ഷട്ടറിലൂടെ കടത്തിവിട്ടാണ് അരിച്ചെടുക്കുന്നത്. ഇവിടെനിന്ന് പാറക്കടിയിലെ ടണലിലൂടെ പൈപ്പുവഴിയാണ് ഒരുകിലോമീറ്ററോളം ദൂരെ താഴെ പവർഹൗസിൽ വെള്ളം എത്തിക്കുന്നത്. ഈ ട്രാഷ് റാക്കിലേക്കാണ് മണ്ണടിഞ്ഞ് വീണത്. കൂറ്റൻ കല്ലുകൾ ഇടിച്ച് ഷട്ടറുകൾ പൂർണമായി തകർന്നു. ലിവറുകൾ വേർപെട്ട് മാറി. കല്ലും മണ്ണും നിറഞ്ഞ് ടണലിന്റെ വാതിൽ അടഞ്ഞു. വെള്ളം പവർ ഹൗസിലേക്ക് എത്തിക്കാനുള്ള പെൻസ്‌റ്റോക്ക് പൈപ്പ് കല്ല് വീണ് വളഞ്ഞു. ഒക്ടോബർ 29ന് ആഢ്യൻപാറ ജലവൈദ്യുത നിലയം സന്ദർശിച്ച മന്ത്രി എം.എം മണി പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിരുന്നു. ജനുവരിയിൽ തന്നെ ഉത്പ്പാദനം പുനരാരംഭിക്കാനുള്ള കഠിനയത്നത്തിലായിരുന്നു കെ.എസ്.ഇ.ബി. പ്രളയത്തിൽ തകരാറിലായ നിലമ്പൂർ ആഢ്യൻപാറ ജലവൈദ്യുത നിലയത്തിന്റെ മൂന്ന് ജനറേറ്ററും ഇപ്പോൾ പ്രവർത്തന സജ്ജമായി. ഒന്നര മെഗാവാട്ട വൈദ്യുതി ഉൽപ്പാദനശേഷിയുള്ള മൂന്നാം നമ്പർ യൂണിറ്റ് ഡിസംബർ 17നും അഞ്ച് മെഗാവാട്ട് ശേഷിയുള്ളത് ജനുവരി ആദ്യവാരവും ഒന്നര മെഗാവാട്ടിന്റെ രണ്ടാം യൂനിറ്റ് ജനുവരി 16 നും പ്രവർത്തന സജ്ജമായി. ജനറേറ്റുകൾ മൂന്നും പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞെങ്കിലും കുതിരപ്പുഴയിൽ വെള്ളം കുറഞ്ഞതിനാൽ പൂർണശേഷിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുന്നില്ല. ഒന്നര മെഗാവാട്ടിന്റെ ജനറേറ്റർ ദിവസവും രണ്ട് മണിക്കൂർ പ്രവർത്തിപ്പിക്കാനാവശ്യമായ വെള്ളമേ പുഴയിലുള്ളൂ. തടയണയിൽ നിറഞ്ഞ കല്ലും മണ്ണും മാറ്റിയിട്ടുണ്ട്.