പെരിന്തൽമണ്ണ: നഗരസഭയുടെ പൊതുകിണറിൽ കോഴിമാലിന്യം തള്ളിയ കേസിൽ പ്രതിയെ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രൻ, സി.എെ ടി.എസ്.ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി പള്ളിയാലിൽതൊടി അബ്ദുൽസലീം (46) ആണ് പിടിയിലായത്. അനധികൃത മദ്യക്കച്ചവടം നടത്തിയതിന് എക്സൈസ് അറസ്റ്റുചെയ്തതിലുള്ള വൈരാഗ്യം തീർക്കാൻ വേണ്ടിയാണ് മാലിന്യം തള്ളിയതെന്ന് പ്രതി. എക്സൈസ് ഓഫീസ് വളപ്പിലുള്ള നഗരസഭയുടെ പൊതുകിണറിൽ കോഴിമാലിന്യവും മറ്റും തള്ളിയതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസം 25 ന് പ്രതി സലീമിനെയും രണ്ട് തമിഴ്‌നാട് സ്വദേശികളെയും ടൗണിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തിരുന്നു. അന്ന് വൈകീട്ട് ജാമ്യത്തിലിറങ്ങിയ പ്രതി മൂന്നാം തിയ്യതി രാത്രി പത്തുമണിയോടെ പെരിന്തൽമണ്ണ മാർക്കറ്റിലെ കോഴിക്കടയിൽ പുറത്തുവച്ചിരുന്ന കോഴിമാലിന്യമെടുത്ത് എക്സൈസ് വളപ്പിലുള്ള പൊതുകിണറിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പെരിന്തൽമണ്ണ ട്രഷറി, കോടതി, എക്സൈസ് ഓഫീസുകളിലേക്ക് വെള്ളമെടുക്കുന്ന പൊതുകിണറിലാണ് കോഴിമാലിന്യം തള്ളിയത്.
പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐ ടി.എസ്.ബിനു, എസ്.ഐ മഞ്ജിത്‌ലാൽ, ടൗൺ ഷാഡോ പൊലീസ് ടീമിലെ സി.പി.മുരളീധരൻ, എം.മനോജ്‌കുമാർ, എൻ.ടി.കൃഷ്ണകുമാർ, അനീഷ്.പി, ജയൻ, ബിജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്.