മഞ്ചേരി: ഹൃദ്രോഗികൾക്കായി ജില്ലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യ കാത്ത് ലാബ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ യാഥാർഥ്യമാവും. സാധാരണക്കാരായ രോഗികൾക്ക് ചികിത്സ ചെലവു ഗണ്യമായി കുറക്കു പദ്ധതി 18ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ സമർപ്പിക്കും. കാത്ത്‌ലാബ്, ഐ.സി.യു സൗകര്യങ്ങളോടെ എട്ടു കോടി രൂപയുടെ അത്യാധുനിക പദ്ധതികളാണ് മഞ്ചേരിയിൽ പ്രാവർത്തികമാവുന്നത്. ആദ്യഘട്ടത്തിൽ അഞ്ചു കോടി രൂപ മുതൽ മുടക്കിൽ കാത്ത് ലാബ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 250 കെ.വി ഊർജ്ജ സംവിധാനം, എട്ടു കിടക്കകൾ, ഒാക്സിജൻ പ്ലാന്റ് , ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങളാണ് നിലവിൽ സജ്ജമാക്കിയത്. ഹൃദ് രോഗികൾ ഏറെയുള്ളപ്പോഴും വിദഗ്ദ ചികിത്സയ്ക്കായി ഇതര ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കാത്ത് ലാബ് പ്രവർത്തന സജ്ജമാവുന്നതോടെ
രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ഉതകുന്ന ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, ഹൃദയമിടിപ്പിന്റെ താളപ്പിഴകൾ മൂലമുണ്ടാകുന്ന അസുഖങ്ങൾക്കുള്ള പേസ്‌മേക്കർ സൗകര്യങ്ങൾ, ജന്മനാലുള്ള ഹൃദയവൈകല്യങ്ങൾക്കുള്ള ചികിത്സ തുടങ്ങിയവ കാത്ത് ലാബ് യാഥാർത്യമാവുന്നതോടെ രോഗികൾക്കു ലഭ്യമാവും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഐസിയു സംവിധാനം സജ്ജമാക്കും. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ സാധാരണക്കാരായ ഹൃദ്രോഗികൾക്കുള്ള സേവനം നാമമാത്രമാണ്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഒപി. ഹൃദ്രോഗികളുടെ എണ്ണം ഒരോ വർഷങ്ങളിലും കൂടുമ്പോഴും മെഡിക്കൽ കോളജിലുള്ള കാലപ്പഴക്കം ചെന്ന സൗകര്യങ്ങളും ചികിത്സകളും മാത്രമാണ് രോഗികൾക്കു ലഭിക്കുന്നത്. ജില്ലയിലെ സാധാരണക്കാരായ രോഗികൾക്കാണ് ആധുനിക ഹൃദ്രോഗ ചികിത്സാ വിഭാഗം ഗുണം ചെയ്യുക. ഹൃദ്രോഗ ചികിത്സ തേടിയെത്തുവരെ ഇവിടെ നിന്നും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണിപ്പോൾ. ഹൃദയാഘാതം സംഭവിക്കുന്ന 15 രോഗികളെങ്കിലും പ്രതിദിനം അത്യാഹിത തീവ്രപരിചരണ വിഭാഗത്തിൽ എത്തുന്നുണ്ട് . മെഡിസിൻ വിഭാഗം ഒ.പിയിലെത്തുന്ന രോഗികളിൽ 20 ശതമാനം പേരും ഹൃദ്രോഗ ബാധിതരാണ്. കാത്ത് ലാബ് സജ്ജീകരണത്തോടെ റഫറൽ രീതിക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. കാത്ത് ലാബ് ഒരുങ്ങുന്നതോടെ സാധാരണക്കാരായ രോഗികൾക്കു മികച്ച ചികിത്സ ഉറപ്പാനാവുമെന്നും രണ്ടാം ഘട്ടത്തിൽ ഐ.സി.യു ഒരുക്കി ശസ്ത്രക്രിയ സംവിധാനവും വിപുലമാക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ശശി പറഞ്ഞു.