guard-of-honour

മലപ്പുറം: പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി.വസന്തകുമാറിന്റെ ഭൗതികശരീരം സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങി.

എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഭൗതികശരീരം എയർപോർട്ട് കവാടത്തിൽ നിന്ന് ജില്ലാകളക്ടർ അമിത് മീണ ഏറ്റുവാങ്ങി. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തെ പൊതുദർശനത്തിനുശേഷം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി.ജയരാജൻ, എ.കെ.ശശീന്ദ്രൻ, കെ.ടി ജലീൽ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി ഇ.പി. ജയരാജൻ പുഷ്പചക്രം സമർപ്പിച്ചു. ഗവർണർക്കു വേണ്ടി ജില്ലാ കളക്ടർ അമിത് മീണയും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ.ശശീന്ദ്രനും കേന്ദ്രസർക്കാരിനു വേണ്ടി അൽഫോൺസ് കണ്ണന്താനവും പുഷ്പചക്രം സമർപ്പിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽവഹാബ്, എം.എൽ.എമാരായ പി.അബ്ദുൽ ഹമീദ്, സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഷാഫി പറമ്പിൽ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് റോഡ് മാർഗം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി.