പൊന്നാനി: സ്ഥാനാർത്ഥി പ്രഖ്യാപനം പടിവാതിക്കലിൽ എത്തി നിൽക്കെ പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കാര്യത്തിൽ വെടിപൊട്ടിച്ച് യൂത്ത് കോൺഗ്രസ്സ്. പൊന്നാനി ലോകസഭ മണ്ഡലത്തിൽ യു.ഡി.എഫ് വിജയം സുനിശ്ചിതമാണെങ്കിലും വിജയം അനായാസകരമാക്കാൻ ഇ.ടി മുഹമ്മദ് ബഷീറിന് പകരം മറ്റാരെയെങ്കിലും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് രാഷ്ട്രീയപ്രമേയമാണ് പൊന്നാനി പാർലിമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിന് മുന്നിൽവെച്ചിരിക്കുന്നത്.
ഒരേ സമയം ഇ.ടി മുഹമ്മദ് ബഷീറിനെ മികച്ച പാർലിമെന്റേറിയനും പൊതു സ്വീകാര്യനുമായി അവതരിപ്പിക്കുകയും എന്നാൽ അനായാസ വിജയത്തിന് പുതുമുഖത്തെ മണ്ഡലത്തിൽ കൊണ്ടുവരികയും ചെയ്യണമെന്ന ആവശ്യമാണ് പ്രമേയത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. പകരം സ്ഥാനാർത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് യൂത്ത് കോൺഗ്രസ്സ് നിർദ്ദേശിക്കുന്നത്. അതല്ലെങ്കിൽ മറ്റാരെങ്കിലുമെന്നും ആവശ്യപ്പെടുന്നു.
ഇ ടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്ന് മൂന്നാമതും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്നും ജനവിധി തേടുമെന്ന് മുസ്ലിം ലീഗിൽ ഏകദേശ ധാരണയായ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ്സിന്റെ രാഷ്ട്രീയപ്രമേയം പുറത്തു വന്നിരിക്കുന്നത്. ഇ ടി മുഹമ്മദ് ബഷീർ മത്സരിച്ച രണ്ടു തവണയും യു ഡി എഫ് ഭൂരിപക്ഷം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് സ്ഥാനാർത്ഥി മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോൺഗ്രസിന്റെ പ്രമേയമെന്നത് രാഷ്ട്രീയ പ്രാധാന്യമുണ്ടാക്കുന്നു. പൊന്നാനി ലോകസഭ മണ്ഡലത്തിൽ കോൺഗ്രസ്സ് വോട്ടുകളിലുണ്ടാകുന്ന ചോർച്ച മുസ്ലിം ലീഗിന് എന്നും തലവേദന സൃഷ്ടിക്കുന്നതാണെന്നിരിക്കെ സ്ഥാനാർത്ഥി കാര്യത്തിലുള്ള യൂത്ത് കോൺഗ്രസ്സിന്റെ പരസ്യമായ ഇടപെടൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.
ഇ ടി മുഹമ്മദ് ബഷീറിന് പകരക്കാരനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതിലൂടെ പുതുമയുള്ള സ്ഥാനാർത്ഥിയെ മണ്ഡലത്തിലിറക്കണമെന്നതാണ് യൂത്ത് കോൺഗ്രസ്സ് ഉദ്ദേശിക്കുന്നതെന്ന് പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുനീർ മാറഞ്ചേരി കേരളകൗമുദിയോട് പറഞ്ഞു. ഇ ടിയുടെ പ്രവർത്തനങ്ങളോട് വിയോജിപ്പുകളില്ല. യുവാക്കളിൽ നിന്നുള്ള പ്രതിനിധിനിയെ പൊന്നാനിയിൽ നിന്ന് മത്സരിപ്പിക്കാൻ മുസ്‌ലിം ലീഗ് തയ്യാറാകണമെന്നും മുനീർ പറഞ്ഞു. യു.ഡി.എഫ് സീറ്റ് വിഭജന കാര്യത്തിൽ ഘടകകക്ഷികൾ ഉന്നയിക്കുന്ന ആവശ്യങ്ങളേയും യൂത്ത് കോൺഗ്രസ്സ് രൂക്ഷമായി വിമർശിക്കുന്നു. യു.ഡി.എഫ് സീറ്റ് വിഭജനം വലിയ പ്രതിസന്ധിയിലാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നുവെന്ന പ്രമേയത്തിലെ വിമർശനം മൂന്ന് സീറ്റ് ആവശ്യവുമായുള്ള മുസ്ലിം ലീഗിനും രണ്ട് സീറ്റ് ആവശ്യം ഉന്നയിക്കുന്ന കേരള കോൺഗ്രസ്സിനും നേരെയാണ്.നിർണ്ണായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സിന് കൂടുതൽ സീറ്റുകൾ നേടാൻ സാഹചര്യമൊരുക്കേണ്ടതിനു പകരം പ്രതിസന്ധി സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും പ്രമേയത്തിൽ വിമർശനമുന്നയിക്കുന്നു.