ponnani-cycling-marathon
പൊന്നാനിയിൽ നടക്കുന്ന സൈക്ക് ളിഗ് മാരത്തോണിന്റെ പോസ്റ്റർ പ്രദർശനം എം ടി വാസദേവൻ നായർ നിർവഹിക്കുന്നു

പൊന്നാനി: ലോക സൈക്ലിങ്ങ് സർക്യൂട്ട് കലണ്ടറിലേക്ക് ഇനി പൊന്നാനിയുടെ മേൽവിലാസവും.
നിള സൈക്ലിങ്ങ് മാരത്തോൺ നാളെ നടക്കും. കേരളത്തിലെ ഏറ്റവും നീളംകൂടിയ പുഴയോരപാതയായ ചമ്രവട്ടം പൊന്നാനി പുഴയോരപാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നിള സൈക്ലിങ്ങ് മാരത്തോൺ എന്ന് പേരിട്ട സൈക്കളോട്ട മത്സരം സംഘടിപ്പിക്കുന്നത്. സ്‌പൈസസ് റൂട്ട് പട്ടികയിലെ പ്രധാന തുറമുഖനഗരമായ പൊന്നാനിയുടെ 30കിലോമീറ്റർ ഇടവഴികളിലൂടെയാണ് സൈക്ലിങ്ങ് പാത ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി സൈക്ലിങ്ങ് ടീമുകൾ ഇതിനോടകം മത്സരത്തിൽ പങ്കെടുക്കാനായി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

രാവിലെ 6ന് ബിയ്യം പാർക്കിൽ നിന്നാരംഭിക്കുന്ന മത്സരം ബിയ്യം കടവനാട്, പുതുപൊന്നാനി, മരക്കടവ് വഴി കോടതിപടിയിലെത്തി അങ്ങാടിപാലത്തിനടുത്തുകൂടെ പുഴയോര പാതയിലെത്തി ഐ.എ.എസ് അക്കാദമിയിൽ അവസാനിക്കുന്ന തരത്തിലാണ് മാരത്തോണിന്റെ പ്രധാന സർക്യൂട്ട് നിശ്ചയിച്ചിട്ടുള്ളത്.

കുട്ടികളുടെ റജിസ്‌ട്രേഷൻ കൂടുന്നതിനനുസരിച്ച് കുട്ടികളുടെ മാത്രം മറ്റൊരു റൂട്ടും മാരത്തോണും പരിഗണനയിലുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന മാരത്തോണിനെ മുൻസിപ്പൽ ചെയർമാനുൾപ്പടെയുള്ള സംഘം അക്കാദമിയിൽ വരവേൽക്കും. വൈകീട്ട് 5ന് നിള പൈതൃകമ്യൂസിയാങ്കണത്തിൽ നടക്കുന്ന മ്യൂസിയം ക്യറേഷന്റേയും പുഴയോര പാതയടേയും ഉദ്ഘാടന വേദിയിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പീക്കർ ശ്രീരാമകൃഷ്ണൻ വിതരണം ചെയ്യും.

മാരത്തോണിൽ പങ്കെടുക്കുന്ന എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേക ട്രോഫികളും പ്രശസ്തി പത്രവും വിതരണം ചെയ്യും. സീറോ കാർബൺ റൈസ് എന്ന പേരിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൈക്ലിഗ് മാരത്തോൺ മത്സരത്തിന്റെ പൈലറ്റ് മത്സരമാണ് 19ന് നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും സൈക്ലിഗ് സ്യൂട്ടും ഹെൽമെറ്റും ഉപയോഗിച്ചിരിക്കണം. നഗര തിരക്കുകളില്ലാതെ ഗ്രാമീണ റോഡുകളേയും തീരദേശ റോഡുകളേയും പരസ്പരം ബന്ധിപ്പിച്ച വ്യത്യസ്തമായ ഒരു ഒരു മാരത്തോൺ സർക്യൂട്ടാണ് പൊന്നാനിയിലേത്. മാരത്തോണിന് പങ്കെടുക്കുന്നതിനും റജിസ്‌ട്രേഷനും മറ്റ് കൂടുതൽ വിവരങ്ങൾക്കും 9539144144 എന്ന നമ്പരിൽ ബന്ധപ്പെടുക.