പെരിന്തൽമണ്ണ: വാണിജ്യ വ്യവസായ സംരംഭകർക്ക് അർഹമായ പ്രോത്സാഹനം നൽകി നൂതന സംരംഭങ്ങളിലൂടെ തൊഴിലും സാമ്പത്തിക ഉൽപാദനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ നഗരസഭയുടെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള ഇൻവെസ്റ്റേഴ് സ് കോൺക്ലേവിൽ സംരംഭകരെ സംയോജിപ്പിച്ച് ആയിരം കോടി രൂപ മുതൽ മുടക്കിൽ പുതിയ ടൗൺഷിപ്പ് സിയാൽ മോഡലിൽ രൂപീകരിക്കാൻ നിർദ്ദേശം ഉയർന്നു. ഈ നിർദ്ദേശത്തിന് നഗരസഭ നേതൃത്വം നൽക്കുമെന്നും, ഇതിനാവശ്യമായ എല്ലാ സഹായവും സർക്കാർ നൽക്കുമെന്നും വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജൻ കേരള ഇൻവെസ്റ്റേഴ്സ് കോൺക്ലേവിൽ പ്രഖ്യാപിച്ചു.
പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ വച്ചുനടന്ന കോൺക്ലേവിൽ 603 സംരംഭകർ രജിസ്റ്റർ ചെയ്തു. ഇരുന്നൂറോളം നവസംരംഭങ്ങൾ ആരംഭിച്ച് 5,000 പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയിൽ വ്യവസായ എസ്റ്റേറ്റിൽ മുതൽ മുടക്കാൻ 306 പേരും വാണിജ്യ ഇടങ്ങളിൽ മുതൽ മുടക്കാൻ 403 സംരംഭകരും തയ്യാറായി. ഇതിലൂടെ ഏതാണ്ട് 500 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.
603 സംരംഭകർ പങ്കെടുത്ത കോൺക്ലേവിൽ ആറോളം നൂതനസംരംഭങ്ങൾ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, കിംസ് അൽ ശിഫ വൈസ് ചെയർമാൻ പി. ഉണ്ണീൻ, മൗലാന ആശുപത്രി എം.ഡി നാലകത്ത് റഷീദ്, അൽ സലാമ ഗ്രൂപ്പ് ചെയർമാൻ അഡ്വ.ഷംസുദ്ദീൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ അമിന സിത്താര എന്നിവർ സംരംഭക അനുഭവങ്ങൾ പങ്കുവച്ചു. വ്യവസായ വകുപ്പ് നൽകുന്ന സേവനങ്ങളെ കുറിച്ച് വ്യവസായ ഓഫീസർ കെ.പി വരുൺ വിശദീകരിച്ചു. താലൂക്കിലെ പ്രമുഖരായ 13 സംരംഭകരെ ആദരിച്ച ചടങ്ങിൽ മഞ്ഞളാംകുഴി അലി അദ്ധ്യക്ഷനായി. എം.എൽ.എ വി.കെ.സി മുഹമ്മദ് കോയ മുഖ്യപ്രഭാഷണവും, നഗരസഭാ ചെയർമാൻ മുഹമ്മദ് സ്വാഗത വും പറഞ്ഞു.
വിവിധ സെക്ഷനുകളിലായി ദാമോദർ അവണൂർ, പി.എം.എ സലാം, എ.വി റഫീഖ് എന്നിവർ പദ്ധതി വിശദീകരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ നിഷി അനിൽരാജ്, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സി മൊയ്തീൻകുട്ടി, കിഴിശ്ശേരി മുസ്തഫ, പത്തത്ത് ആരിഫ്, പി.ടി ശോഭന ടീച്ചർ, രതി അല്ലക്കാട്ടിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ സി.കെ ഹേമലത, നഗരസഭ സെക്രട്ടറി അബ്ദുൽ സജീം, വി.രമേശൻ, വിബാബുരാജ്, എ. കെ മുസ്തഫ, ചമയം ബാപ്പു, കെ.സുബ്രഹ്മണ്യൻ, ഡോ.കെ.എ സീതി, സലീം തേനാരി, എം.പ്രേമലത, കെ.ടി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു