പൊന്നാനി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ സിറ്റിംഗ് എം.പി. ഇ.ടി.മുഹമ്മദ് ബഷീറിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പൊന്നാനി പാർലമെന്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയപ്രമേയം. പി.കെ.കുഞ്ഞാലിക്കുട്ടിയോ അതുപോലെയുള്ള നേതാക്കളോ വേണമെന്നാണ് ആവശ്യം. മണ്ഡലത്തിൽ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെങ്കിലും ഇതു അനായാസകരമാക്കാൻ ഇ.ടിയെ മാറ്റിനിർത്തണമെന്നും ജനറൽ സെക്രട്ടറി ഷെബീർ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. യു.ഡി.എഫ് സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നെന്ന വിമർശനവുമുണ്ട്. ഇ.ടിയുടെ പ്രവർത്തനങ്ങളോട് വിയോജിപ്പുകളില്ലെന്നും യുവാക്കളിൽ നിന്നുള്ള പ്രതിനിധിനിയെ പൊന്നാനിയിൽ നിന്ന് മത്സരിപ്പിക്കാൻ ലീഗ് തയ്യാറാവണമെന്നും യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് പ്രസിഡന്റ് മുനീർ മാറഞ്ചേരി പറഞ്ഞു. പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ മൂന്നാമതും രംഗത്തിറക്കാൻ ലീഗിൽ ധാരണയായിരിക്കെ യൂത്ത് കോൺഗ്രസ് പ്രമേയം മണ്ഡലത്തിൽ ഇരുപാർട്ടികൾക്കുമിടയിലെ വിള്ളൽ വർദ്ധിപ്പിച്ചേക്കും. കഴിഞ്ഞ രണ്ടുതവണയും ഇ.ടിയുടെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായത് ലീഗിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.