തേഞ്ഞിപ്പലം: സ്കൂൾ സമയം കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന പതിവ് മാറ്റിവെച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകർ കഴിഞ്ഞ ഒരാഴ്ചക്കാലം ഇറങ്ങിയത് നാട്ടിൻപുറങ്ങളിലേക്ക്. സ്‌കൂളിൽ പി.ടി.എ ജനറൽബോഡിയിൽ പ്രാധിനിത്യം നാമമാത്രമായതോടെയാണ് മുഴുവൻ രക്ഷിതാക്കളേയും സ്‌കൂളിന്റെ പ്രവർത്തനങ്ങളുമായി കണ്ണിചേർക്കാനും പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശമുയർത്തിയും അദ്ധ്യാപകരുടെ ഈ പ്രവൃത്തി. രക്ഷാകർതൃസമിതിയും സ്‌കൂൾ മനേജ്‌മെന്റ് കമ്മറ്റിയും നിറഞ്ഞ പിന്തുണയും സൗകര്യങ്ങളുമൊരുക്കിയതോടെ ഓരോ പ്രദേശത്തും വീട്ടുമുറ്റങ്ങളിലായി നടത്തിയ യോഗങ്ങളിൽ നിറഞ്ഞ സാന്നിദ്ധ്യവുമുണ്ടായി.സ്‌കൂളിന്റെ മികവുകൾ എണ്ണിയെണ്ണി പറഞ്ഞും രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ ശേഖരിച്ചും 14 ഇടങ്ങളിൽ യോഗം ചേർന്നു. രാത്രി എട്ടുമണി വരെ നീളുന്ന പരിപാടികളിൽ അദ്ധ്യാപികമാർ ഉൾപ്പെടെയുള്ളവർ യാതൊരു പ്രയാസവുമില്ലാതെ പങ്കാളികളായി. ഒരോ സ്ഥലത്തും ഒരുഅദ്ധ്യാപകന് ചുമതല നൽകിയിയാരുന്നു സംഘാടനം. അദ്ധ്യാപകരായ ബീംകിഷോർ, ശ്രീജ, പ്രദീപ്, ലത, സക്കീന, അബ്ദുള്ള, രജേഷ്, പ്രമോദ്, ഷാഫി, ഉദയകുമാർ എന്നിവർ നേതൃത്വമേകി.
പൊതുവിദ്യാഭ്യാസം, സ്‌കൂളിന്റെ കലാ, കായിക നേട്ടങ്ങൾ, അക്കാദമിക മികവുകൾ, ഭൗതിക സൗകര്യങ്ങൾ, പരീക്ഷകളെ എങ്ങിനെ നേരിടണം, എസ്.എസ്.എൽ.സി മുന്നൊരുക്കങ്ങൾ, സ്‌കൂളിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ, ഇവയിൽ ജനങ്ങളും രക്ഷിതാക്കളും നൽകേണ്ട പിന്തുണയും സഹകരണവും എന്നീ വിഷയങ്ങളിൽ അദ്ധ്യാപകർ ഹ്രസ്വമായ വിശദീകരണങ്ങൾ നൽകി. രക്ഷിതാക്കൾ തങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. എം.വിജയൻ, രജേഷ് ചാക്യാടൻ, അനിലദേവി, ഇക്‌ബാൽ പൈങ്ങോട്ടൂർ, കെ.മുഹമ്മദ്, ബിജിത തുടങ്ങിയ ജനപ്രതിനിധികൾ വിവിധ മേഖലകളിൽ പങ്കാളികളായി.