പൊന്നാനി: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കരുതെന്ന് പ്രമേയം പാസാക്കിയ യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമെന്റ് കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. വിശദീകരണം ലഭിച്ച ശേഷം യുക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ലീഗ് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അനാവശ്യ അഭിപ്രായ പ്രകടനം ഗുരുതര അച്ചടക്ക ലംഘനമാണ്. ഘടകകക്ഷികളുടെ സീറ്റ് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് അഭിപ്രായം പറയേണ്ടതില്ല. യു.ഡി.എഫിന് ഏറ്റവും വിജയസാദ്ധ്യതയുള്ള മണ്ഡലത്തിൽ മനഃപൂർവ്വം വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
പ്രമേയം അവതരിപ്പിച്ചതിൽ മുസ്‌ലിം ലീഗ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പൊന്നാനിയിൽ കഴിഞ്ഞ തവണ ഇ.ടി.മുഹമ്മദ് ബഷീറിന് ഭൂരിപക്ഷം ഇടിഞ്ഞതോടെ കോൺഗ്രസ് വോട്ട് ചോർന്നെന്ന പ്രചാരണമുയർന്നിരുന്നു. കോൺഗ്രസിനെതിരെ ലീഗ് പ്രാദേശിക നേതൃത്വം പ്രകടനവും നടത്തി. ഇത് ഇരുപാർട്ടികൾക്കിടയിലും ഉണ്ടാക്കിയ നീരസം നിലനിൽക്കെയാണ് ഇ.ടിക്ക് എതിരെ പ്രമേയം പാസാക്കിയത്. ഇക്കാര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശും വിശദീകരണം തേടിയിട്ടുണ്ട്.