പെരിന്തൽമണ്ണ: രാജ്യത്ത് ന്യുനപക്ഷം അവഗണിക്കപ്പെടുകയാണെന്നും അമിത ഭാരം നൽകി അവരെ അപകടപ്പെടുത്തുകയുമാണെന്നും സുപ്രീംകോടതി റിട്ട. ജഡ്ജി സിറിയക്ക് ജോസഫ്. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി 'സംവരണം, വിശ്വാസം, വ്യക്തി നിയമം ഭരണഘടനാ സംരക്ഷണം' എന്ന വിഷയത്തിൽ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു മതത്തിൽ വിശ്വാസിച്ചത് കൊണ്ട് ഒരാളും ചെറിയ ഇന്ത്യക്കാരനോ വലിയ ഇന്ത്യക്കാരനോ ആകുന്നില്ല. ചിന്ത, വാക്ക്, പ്രവർത്തി എന്നിവ അടിസ്ഥാനമാക്കിയാണ് രാജ്യസ്‌നേഹം അളക്കേണ്ടത്. രാജ്യ സ്‌നേഹത്തിന്റെ കുത്തക ആരും അന്വേഷിച്ച് കണ്ടത്തേണ്ടതില്ല. ആരും ഒരാൾക്കും രാജ്യസ്നേഹി പട്ടം വകവെച്ച് കൊടുക്കുകയും വേണ്ട. ചാര പ്രവർത്തനം നടത്തുന്നവർ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണെന്ന കുപ്രചരണങ്ങളുടെ മുനയൊടിക്കണം. സ്വന്തം മതത്തിൽ വിശ്വസിക്കുന്നതോടപ്പം മറ്റു മതങ്ങളെ ആദരിക്കലും ബഹുമാനിക്കലുമാണ് ഇന്ത്യൻ കാഴ്ചപ്പാടിൽ മതേതരത്വം. ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് പോലെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതും എതിർക്കാനാവില്ല. മതേതരത്വത്തിന്റെ പേരിൽ മതപരിവർത്തനത്തെ തടയുന്നത് നീതീകരിക്കാവില്ല. താൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന രാഷ്ട്രീയ നേതാവാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിന്റെ ജീവിതവും മൂല്ല്യങ്ങളും പഠിക്കേണ്ടതാണ്. ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു.
ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ. പി.വി മനാഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുൽ വഹാബ് എം.പി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി ശ്രീധരൻ നായർ, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, അഡ്വ. കെ.എൻ.എ ഖാദർ, അഡ്വ. എം ഉമ്മർ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ ഷംസുദ്ദീൻ, ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ്, അഡ്വ. പി.എം.എ സലാം, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, ഇസ്മായീൽ മുത്തേടം, പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. എ.കെ മുസ്ത്വഫ, അഡ്വ. പി അബൂസിദ്ധീഖ്, അഡ്വ. ടി കുഞ്ഞാലി, അഡ്വ. കെ റജീന, അഡ്വ. കെ.സി അഷ്‌റഫ്, അഡ്വ. എം.പി ഹുസൈൻ, അഡ്വ. റഫീഖ് വള്ളൂരാൻ, അഡ്വ. എസ് അബ്ദുൽ സലാം, ഉസ്മാൻ താമരത്ത്, അഡ്വ. ഹാസിഫ് ഇഖ്ബാൽ പങ്കെടുത്തു.