നിലമ്പൂർ : ഒഴുകുന്ന വെള്ളത്തിൽ മീൻ പിടിക്കാൻ മീൻകൂട, വെള്ളത്തിൽ വലിച്ചു കെട്ടി മീൻ പിടിക്കാൻ തണ്ടാണി എന്ന മീൻവല, വീശുവല, പക്ഷികളെ പിടിക്കാൻ കൂടക്കണി, ചൂട്ടിന് പകരം സുറൂംകുറ്റി, തേൻ ശേഖരിക്കാൻ ഉപയോഗിക്കുന്ന കത്തി, പുഴയിൽ നിന്നും പൊന്നരിക്കാൻ ഉപയോഗിക്കുന്ന മരവി.... ഗോത്രമേഖലയിലെ നിത്യജീവിതത്തിന്റെ നേർക്കാഴ്ച സമ്മാനിക്കുന്ന പ്രദർശനം നങ്കമോട ട്രൈബൽ ഫെസ്റ്റിന്റെ മുഖ്യആകർഷണമായി മാറിയിരിക്കുകയാണ്. വാണിയാമ്പുഴ, ഇരുട്ടുകുത്തി, കരിമ്പ്, ഇല്ലിക്കാട്, പൊട്ടാടി, കുന്നത്ത്, പുഞ്ചക്കൊല്ലി, വരടേംപാടം, അളക്കൽ, കണയംകൈ തുടങ്ങിയ 10 കോളനികളിൽ നിന്നുള്ള 40ഓളം ഉപകരണങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഗോത്രമേഖലയിൽ നിന്നുള്ള വീട്ടുപകരണങ്ങൾ, സംഗീതോപകരണങ്ങൾ, വേട്ടയാടാനുള്ള കെണികൾ എന്നിവയാണ് പ്രദർശനത്തിനുള്ളത്. പുഴയിൽ നിന്ന് സ്വർണ്ണം അരിച്ചെടുക്കാൻ ഉപയോഗിക്കുന്ന മരവിക്ക് വിപണിയിൽ 6,000 രൂപ വരെയാണ് വില എന്നറിയുമ്പോൾ ചെറുതല്ലാത്ത അമ്പരപ്പാണ് ആൽക്കൂട്ടത്തിന്. ഒറ്റത്തടിയിലാണ് ഇതിന്റെ നിർമ്മാണം.
പണിയർ, മുതുവാൻ വിഭാഗങ്ങളുടെ കുടിലിന്റെ മാതൃകയും മേള നടക്കുന്ന വേദിയുടെ കവാടത്തിൽ ഒരുക്കിയിട്ടുണ്ട്. വാണിയമ്പുഴ കോളനിയിലെ ബാബു, കരിമ്പ് കോളനിയിലെ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകളുടെ കൂട്ടായ പരിശ്രമത്തിലാണ് വീട് നിർമിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കുടുംബത്തോടൊപ്പം നിലമ്പൂരിൽ താമസിച്ചാണ് ഇവർ വീട് പണി പൂർത്തിയാക്കിയത്. മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പലവസ്തുക്കളും ആവശ്യപ്പെട്ടതനുസരിച്ച് ഇവർ അവിടെ വെച്ച് തന്നെ ഉണ്ടാക്കി നൽകിയതാണ്.വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ആനിമേറ്റർമാരാണ് പ്രദർശന വസ്തുക്കളെ കുറിച്ച് വിശദീകണം നൽകുന്നത്.വിദ്യാർഥികൾ ഉൾപ്പെടെ വമ്പിച്ച ജനക്കൂട്ടമാണ് ആദ്യം ദിവസം പ്രദർശനം കാണാൻ എത്തിയത്.