മലപ്പുറം: മലയാളക്കരയ്ക്ക് നഷ്ടമായ ഉമ്പായിയുടെ ഓർമ്മകളിൽ അലിഞ്ഞില്ലാതായ ആസ്വാദകസദസ്സ് മലപ്പുറം ഫെസ്റ്റിന്റെ പതിനഞ്ചാം ദിനത്തിലെ പ്രത്യേകാനുഭവമായി. എന്നെന്നും പ്രണയിതാക്കളും, സംഗീതാരാധകരും മനസ്സിലും ആത്മാവിലും താലോലിക്കുന്ന വീണ്ടും പാടാം സഖീ.., ഒ എൻ വിയുടെ മനോഹര വരികളുടെ ആവിഷ്‌കാരമായ പാടുക സൈഗാൾ പാടൂ തുടങ്ങിയ ഉമ്പായിയുടെ പ്രശസ്തഗാനങ്ങളോടൊപ്പം ഹിന്ദി ഗസലുകളും ആസ്വദിക്കാൻ ആസ്വാദകരുടെ വലിയ നിര തന്നെയുണ്ടായി. എടപ്പാൾ കലാ സംഘത്തിന്റെ നേതൃത്വത്തിൽ ഗൾഫ് ഷോകളിൽ നിത്യസാന്നിദ്ധ്യമായ ഹഷീർ, ഹിഷാൻ കോയ, ദർശന ടിവി ഫെയിം ശ്രേയ എന്നിവരാണ് ഉമ്പായി ട്രിബ്യൂട്ടിൽ പാടിയത്. കാസർക്കോട് ചിന്മയ യക്ഷഗാനം ഗ്രൂപ്പ് അവതരിപ്പിച്ച യക്ഷഗാനവും ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ഇന്ന് വണ്ടൂർ വോയ്‌സിന്റെ ആഭിമുഖ്യത്തിൽ ജയ്ഹിന്ദ് മെഹറൂബാ ഫെയിം വണ്ടൂർ ജലീലും സംഘവും പാടുന്നു. ലീക്ക് ബീരാൻ ഷോ യിലൂടെ ശ്രദ്ധേയരായ ഹാസ്യ കലാകാരന്മാർ ചേർന്ന് ഒരുക്കുന്ന ഹാസ്യവിരുന്നിൽ നിസാർ നിലമ്പൂർ, സ്‌നേഹ. ആദിൽ തേനാരി എന്നിവർ പങ്കെടുക്കും.