മലപ്പുറം: സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതപ്പുഴയുടെ തീരത്ത് ലോകോത്തര നിലവാരത്തിൽ നിർമിക്കുന്ന നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെയും കലാഗ്രാമത്തിന്റെയും നിർമാണം അവസാന ഘട്ടങ്ങളിലേക്ക്. കെട്ടിട നിർമാണം പൂർത്തിയ നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെ ക്യൂറേഷൻ പ്രവൃത്തികളുടെ ഉദ്ഘാടനം ഈമാസം 19ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും.
സ്പീക്കർ വിഭാവനം ചെയ്ത ഈ പദ്ധതി ഭാരതപ്പുഴയുടെ ഉത്ഭവം മുതൽ വന്നേരി നാട് മുതൽ വള്ളുവനാട് വരെ നീളുന്ന സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പാണ് ലക്ഷ്യമിടുന്നത്. നിളയുടെ ചരിത്ര സാംസ്കാരിക പൈതൃകവും പൊന്നാനിയുടെ കലാ സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് അനുഭവേദ്യമാകുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കുന്നത്. സ്പീക്കറുടെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പിൽ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിർമിക്കുന്നത്.
2016 ലാണ് നിർമ്മാണം ആരംഭിച്ചത്. രണ്ടേക്കറിൽ 17,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന മ്യൂസിയത്തിന്റെ നിർമ്മാണ ചുമതല ഊരാലുങ്കൽ ലേബർ കോൺട്രാക്ടീവ് സൊസൈറ്റിക്കാണ്. ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിലുമാണ് മ്യൂസിയത്തിന്റെ നിർമാണം. രാജ്യത്തെ ആദ്യ ബ്ലൈൻഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. കാഴ്ചാ പരിമിതർക്ക് സുഗമമായി നടക്കുന്നതിന് മാർഗദർശന ടാക്ട് ടൈലും നിലത്ത് പതിച്ചിട്ടുണ്ട്. ഓരോ ഇടത്തും തയ്യാറാക്കിയ കിയോസ്കുകളിലൂടെ നയനേതര കാഴ്ചക്കാർക്ക് മ്യൂസിയത്തിലെ കാഴ്ചകൾ ഗ്രഹിക്കുവാനും ആസ്വദിക്കുവാനും കഴിയും.