നിലമ്പൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ സുസ്ഥിര വികസന പരിപാടിയും നിലമ്പൂർ പട്ടികവർഗ്ഗ പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നങ്കമോട ട്രൈബൽ മേളയുടെ രണ്ടാം ദിനം ചർച്ചകളിലൂടെയും അനുഭവം പങ്കുവെക്കലിലൂടെയും നവ്യാനുഭവമായി മാറി. ഭക്ഷണ സംസ്കാരവുമായി ബന്ധപ്പെട്ട സെമിനാറിൽ മികച്ച പ്രതികരണമാണ് ആദിവാസി മേഖലയിൽ നിന്നുള്ള പ്രതിനിധികളിൽ നിന്നുണ്ടായത്. സെമിനാറിന് ശേഷം നടന്ന ചർച്ചകളിൽ ആദിവാസി മേഖലയിൽ നിന്നുള്ള പ്രതിനിധികൾ അനുഭവങ്ങൾ പങ്കുവെച്ചു.
'മാറുന്ന ഭക്ഷണ സംസ്ക്കാരത്തിൽ തനത് ഭക്ഷണത്തിന്റെ സാധ്യതകളും പ്രാധാന്യവും' എന്ന വിഷയത്തിൽ കിർത്താഡ്സിലെ സുകന്യയും 'ഗോത്രമേഖലയിലെ സ്വയം സഹായ സംഘങ്ങളും സർക്കാർ പദ്ധതികളുടെ ഏകീകരണവും നിലമ്പൂർ ഗോത്രമേഖലയെ മുൻനിർത്തിയുള്ള പഠനം' എന്ന വിഷയത്തിൽ കിർത്താഡ്സിലെ ശ്യാംജിത്തും സെമിനാർ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 'ഗോത്ര വിഭാഗവും സ്ത്രീ ശാക്തീകരണവും, കുടുംബശ്രീയെ മുൻനിർത്തിയുള്ള പഠനം' എന്ന വിഷയത്തിൽ കിർത്താഡ്സിലെ ഡോ.ഗീത സെമിനാർ അവതരിപ്പിച്ചു. ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ വർക്ക് ഫാക്കൽറ്റി ലൂയിസ്.പി. തോമസ് പരമ്പരാഗത കലാരീതിയേയും സംസ്കാരത്തെയും സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചു. രക്താർബുദം ബാധിച്ച് മരിച്ച ആദിവാസി ബാലൻ എസ്.സതീഷിന്റെ ഓർമ്മകളിൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ശേഷം പ്രാദേശിക ഗോത്രകലാരൂപങ്ങളുടെ അവതരണവും കലാസന്ധ്യയും വേദിയിൽ അരങ്ങേറി.