car-acccident
കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞനിലയിൽ

തിരൂരങ്ങാടി: ദേശീയപാത കൊളപ്പുറം കൂരിയാട് വയലിലേക്ക് ടവേര കാർ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തൃശൂരിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോവുന്നതിനിടെ ഇന്നലെ രാവിലെ 7:30നാണ് സംഭവം. എതിരെ വന്ന മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടയിലാണ് അപകടം. വഴിയാത്രക്കാരാണ് വാഹനത്തിലുള്ളവരെ രക്ഷിച്ചത്. കൊയിലാണ്ടി കൊല്ലം സ്വദേശികളായ തെങ്ങുള്ളപറമ്പിൽ വീട്ടിൽ രാജൻ (50 ) പൂക്കാട്നടുതട്ടിൽ രതീഷ് ( 35 ) രമേശ് ( 48) രഞ്ജിത്ത് (45) എന്നിവർക്കാണ് പരിക്കേറ്റത്. മുന്നുപേരേ വാഹനത്തിൽ കയറ്റി തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ തൃശ്ശൂരിലെ ഒരുസ്വകാര്യ പരിപാടിക്ക് പോവുകയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ വാഹനത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കുമാണ് കൊണ്ടുവന്നത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വമേകുകയും പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ചെയ്ത ശേഷമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ത്യശ്ശൂരിലേക്ക് മടങ്ങിയത്. തിരൂരങ്ങാടി മേഖലയിലെ ട്രോമോകെയർ പ്രവർത്തകരായ ഇസ്മായിൽ തെങ്ങിലാൻ, അൻവർ എട്ടുവീട്ടിൽ, ഫൈസൽ താണിക്കൽ, അഷ്‌റഫ് ബാലത്തിൽ നേതൃത്വം നൽകി.