മലപ്പുറം: ആറുദിവസങ്ങളിലായി നടക്കുന്ന മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുതുതായി നിർമ്മിച്ച മുസ്ലിംലീഗ് ഓഫീസ് കെട്ടിടത്തോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പൂക്കോയതങ്ങൾ നഗരിയിൽ വൈകീട്ട് 3 മണിക്ക് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നത്. 'മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ച് മുന്നേറാം' എന്ന പ്രമേയത്തിൽ പതിനേഴ് സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, ഉലമാ-ഉമറാ സംഗമം, യുവജന-വിദ്യാർത്ഥി സമ്മേളനം, വനിതാ സമ്മേളനം, തൊഴിലാളി സമ്മേളനം, ലോയേഴ്സ് സമ്മേളനം, പ്രവാസി, ദളിത്, കർഷക സംഗമങ്ങൾ, വികസന സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, തലമുറ സംഗമം തുടങ്ങിയ സെഷനുകളാണ് നടക്കുന്നത്.
ഇന്ന് വൈകിട്ട് 3.30 ന് നടക്കുന്ന തലമുറ സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. സി.പി. സൈതലവി മുഖ്യപ്രഭാഷണം നടത്തും. 7ന് സാംസ്‌കാരിക സദസ്സിൽ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ നേതൃത്വം നൽകുന്ന ഗസൽ സന്ധ്യ നടക്കും. അഡ്വ. എം.ഉമർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന്ഉദ്ഘാടന സമ്മേളനത്തിൽ മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. ഖാദർ മൊയ്തീൻ, പി കെ കുഞ്ഞാലിക്കുട്ടി എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡൽഹി സംസ്ഥാന മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്ലാം ഖാൻ, പി എ റഷീദ്, അഡ്വ. യു.എ ലത്തീഫ് സംസാരിക്കും. 11ന്പ്രതിനിധി സമ്മേളനത്തിൽ ടി.എ അഹമ്മദ് കബീർ എം.എൽ.എ, കെ.എൻ.എ ഖാദർ എം.എൽ.എ, പി.എം.സാദിഖലി, റാഷിദ് ഗസ്സാലി എന്നിവർ വിഷയാവതരണം നടത്തും. വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തിൽ കെ പി രാമനുണ്ണി, പി ഉബൈദുള്ള എം.എൽ.എ, അഷ്റഫ് കോക്കൂർ, അഷ്റഫ് മടാൻ സംബന്ധിക്കും. ഈ മാസം 24 ന് പുതിയ ജില്ലാകമ്മറ്റി ഓഫീസ് ഉദ്ഘാടനവും വൈറ്റ് ഗാർഡ് പരേഡും സമാപന സമ്മേളനവും നടക്കും.