നിലമ്പൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വതത്തിൽ പട്ടികവർഗ്ഗ വികസന പരിപാടിയും നിലമ്പൂർ പ്രത്യേക പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച ട്രൈബൽ ഫെസ്റ്റ് നങ്കമോട സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ വിവിധ ഊരിൽ നിന്നുള്ള ഊര് മൂപ്പന്മാരെ ആദരിച്ചു. ഫെബ്രുവരി 16 മുതൽ 18 വരെ നീണ്ടു നിന്ന മേള നിലമ്പൂരിലെ ജനങ്ങൾക്ക് പുത്തൻ അനുഭവമായി. ഗവേഷകനും തിയേറ്റർ ആർട്ടിസ്റ്റുമായ ദേവേന്ദ്രനാഥ് 'ഗോത്ര വിഭാഗം ആവാസം, കല, സംസ്‌ക്കാരം, ഭാഷ ഒരു താരതമ്യ പഠനം' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. ഗോത്ര വാദ്യങ്ങളും ഇതര വാദ്യങ്ങളും സമന്വയിപ്പിച്ച് കലാവിഷ്‌കാരത്തിലൂടെയാണ് സെമിനാർ അവതരണം നടന്നത്. ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി കുടുംബശ്രീ നടത്തിയ നങ്കമോടാ എന്ന ത്രിദിന ക്യാമ്പിലെ അനുഭവങ്ങൾ കോർത്തിണക്കി നിർമ്മിച്ച വീഡിയോ ഡോക്യൂമെന്ററി 'നങ്കമോട'യുടെ പ്രകാശനം നാടൻപാട്ട് കലാകാരൻ സുരേഷ് തിരുവാലി നിർവഹിച്ചു. പ്രസ്തുത ഡോക്യൂമെന്ററിയുടെ പ്രദർശനവും ഇതോടനുബന്ധിച്ചു ഉണ്ടായിരുന്നു. ഉച്ചക്ക് കിലയിലെ ഫാക്കൽറ്റി മോഹൻകുമാർ 'പ്രാദേശിക ഭരണവും പട്ടികവർഗ്ഗ വികസനവും' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സമാപന സമ്മേളത്തിൽ കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം മാനേജർ ജോമോൻ, മലപ്പുറം ഡിഎംസി സി.കെഹേമലത, എഡിഎംസി സായ് കുമാർ, ഹസ്‌കർ.കെ.എസ്, മുഹമ്മദ് ഷാനു.കെ.കെ പങ്കെടുത്തു.