മഞ്ചേരി: ഉരുൾപൊട്ടൽ മേഖലയിൽ ക്വാറി ക്രഷർ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ ജിയോളജി ഓഫിസിനു മുന്നിൽ ജനകീയ സമര സമിതിയുടെ പ്രതിഷേധം. പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ നിന്നുള്ള കുട്ടികളടക്കമുള്ളവരാണ് മഞ്ചേരിയിലെ ഓഫിസിനു മുന്നിലെത്തി പ്രതിഷേധിച്ചത്. ഭൗമശാസ്ത്രപരമായുള്ള പ്രാദേശികാവസ്ഥ പരിഗണിക്കാതെ ക്രഷർ യൂണിറ്റിനു അനുകൂലമായി ജില്ലാ ജിയോളജി വകുപ്പു സ്വീകരിച്ച നടപടി തിരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. നിരവധി തവണ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ ക്രഷർ അനുവദിക്കില്ലെന്നും ഖനനകേന്ദ്രം ആരംഭിക്കാനുള്ള നീക്കം നാട്ടുകാർ ഒന്നടങ്കം തടയുമെന്നും സമരസമിതി കൺവീനർ സി.പി.റഷീദ് പറഞ്ഞു. മണ്ണാർ മലയിൽ ക്വാറി ക്രഷർ തുടങ്ങാൻ ക്വാറി മാഫിയയും ഉദ്യോഗസ്ഥലോബിയും ഒത്ത് കളിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തും ഖനനകേന്ദ്രം അനുവദിക്കാനാവില്ലെന്ന നിലപാടാണെടുത്തിരിക്കുന്നത്. പ്രദേശത്തു പരിശോധന നടത്തിയ ജിയോളജിസ്റ്റ് ശരിയായ റിപ്പോർട്ട് അല്ല നൽകിയതെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. വ്യവസായ മന്ത്രി ഇ.പി.ജയരാജനും ജില്ലാ കലക്ടറടക്കമുള്ളവർക്കും ജനവാസകേന്ദ്രത്തിൽ ക്രഷർ യൂണിറ്റ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സമര സമിതി പരാതി നൽകിയിട്ടുണ്ട്.