മഞ്ചേരി: ജില്ലാ ആശുപത്രികളെ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികളാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന കാത്ത് ലാബും ക്രിറ്റിക്കൽ കൊറോണറി യൂനിറ്റും (സിസിയു) ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളിൽ ജില്ലാആശുപത്രികളിൽ ചികിത്സ ഒരുക്കും. എട്ട് ജില്ലാആശുപത്രികളിലും രണ്ട് മെഡിക്കൽ കോളേജുകളിലും പുതുതായി കാത്ത് ലാബ് തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ കാർഡിയോളജി ഡോക്ടർമാരെ നിയമിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റികൊണ്ടിരിക്കുകയാണ്. അതിനായി കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മഞ്ചേരിമെഡിക്കൽ കോളേജിന്റെ വികസനത്തിന് സർക്കാർ കൂടുതൽ പരിഗണന നൽകുന്നുണ്ട്. മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി മൂന്ന് വർഷത്തിനകം 35 കോടിരൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിന്റെ വികസനം മുന്നിൽ കണ്ട് ഏഴ് ഏക്കർ സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തികൾ അന്തിമഘട്ടത്തിലാണ് മന്ത്രി പറഞ്ഞു. എം.ഉമ്മർ എംഎൽഎ അധ്യക്ഷത വഹിച്ചു. എട്ടുകോടി രൂപ ചെലവിട്ടാണ് കാത്ത് ലാബും സിസിയുവും സജ്ജമാക്കിയത്. പ്രതിമാസം 2,500 രോഗികൾ ഹൃദയസംബന്ധമായ ചികിത്സക്ക് മെഡിക്കൽകോളേജ് ഒപിയിലെത്താറുണ്ട്. നിലവിൽ ഇവർക്ക് മറ്റുആശുപത്രികളിൽ ചികിത്സ നൽകാറാണ് ചെയ്യുന്നത്. പുതിയ കാത്ത് ലാബ് തുറന്നതോടെ ജില്ലയിൽ നിന്നുള്ള ഹൃദ്രോഗികൾക്ക് മറ്റ്ആശുപത്രികളെ ആശ്രയിക്കേണ്ടി വരില്ല.
മഞ്ചേരി നഗരസഭാചെയർപേഴ്സൻ വി.എംസുബൈദ, കൗൺസിലർമാരായ ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, മെഡിക്കൽകോളേജ് പ്രിൻസിപ്പൽ എം.പി ശശി, സുപ്രണ്ട് കെവി നന്ദകുമാർ, വകുപ്പ് മേധാവി ഡോ. എസ്.പി അനിത, ഡി.എം.ഒ ഡോ. കെ.സക്കീന, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ എ ഷിബുലാൽ, ഇ.എൻ മോഹൻദാസ്, വി.എം. ഷൗക്കത്ത്, മംഗലം ഗോപിനാഥ്, പി.എം. സഫറുള്ള, ഹമീദ്കുരിക്കൾ, ഡോ. എം.പി.കെ മേനോൻ, ഡോ.വികെ സുരേഷ് ബാബു, എ.കെറൗഫ്, യൂണിയൻ ചെയർമാൻ അർജുൻ ദിനേശ് എന്നിവർ സംസാരിച്ചു.